യൂത്ത് ഫെസ്റ്റിൽ കൊട്ടിക്കലാശം
text_fieldsദോഹ: വൻകരയുടെ യുവ പോരാളികളുടെ അങ്കത്തിന് വെള്ളിയാഴ്ച രാത്രിയിൽ ദോഹയിൽ കൊട്ടിക്കലാശം. ലോകകപ്പ് ഫുട്ബാളും, ഏഷ്യൻ കപ്പും ഉൾപ്പെടെ വൻ അങ്കങ്ങൾക്ക് സാക്ഷിയായ മണ്ണിൽ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി തുടരുന്ന കളിയുത്സവത്തിന് തിരശ്ശീല വീഴുമ്പോൾ ആരാകും യൂത്ത് ഫുട്ബാളിലെ പുതിയ ഏഷ്യൻ ചാമ്പ്യൻ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. വെള്ളിയാഴ്ച വൈകീട്ട് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജപ്പാനും ഉസ്ബകിസ്താനും തമ്മിലാണ് കിരീടപ്പോരാട്ടം. ഇരുവരും ഓരോ തവണ ഏഷ്യൻ കിരീടമണിഞ്ഞവരാണ്. വൻകരയിലെ പവർഹൗസായ ജപ്പാൻ 2016ലും, പുതുക്കക്കാരായ ഉസ്ബകിസ്താൻ 2018ലുമാണ് മുത്തമിട്ടത്. അതേസമയം, കഴിഞ്ഞ വർഷം അവർ ഫൈനലിസ്റ്റുകളുമായിരുന്നു. ഖത്തറിൽ ഫൈനലിൽ പ്രവേശിച്ചതോടെ തന്നെ ഉസ്ബകിസ്താനും ജപ്പാനും പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിരുന്നു.
ഗ്രൂപ് റൗണ്ടിലും നോക്കൗട്ടിലും മിന്നും പ്രകടനവുമായി കുതിച്ച രണ്ട് ടീമുകളാണ് ഫൈനലിൽ വെള്ളിയാഴ്ച ഏറ്റുമുട്ടുന്നത്. ഗ്രൂപ് ‘ബി’യിൽ ദക്ഷിണ കൊറിയക്ക് മുന്നിൽ ഒരു തോൽവി വഴങ്ങിയതൊഴിച്ചാൽ, ജപ്പാൻ രണ്ട് മികച്ച ജയം സ്വന്തമാക്കി. ഉസ്ബകിസ്താൻ ഗ്രൂപ്പിലെ മൂന്ന് കളിയും ആധികാരികമായാണ് ജയിച്ചത്. നോക്കൗട്ട് കൂടി കഴിയുമ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ലെന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ് റൗണ്ടിൽ അവർ പത്ത് ഗോളുകൾ അടിച്ചുകൂട്ടി. നോക്കൗട്ടിൽ കരുത്തരായ സൗദി, ഇന്തോനേഷ്യ എന്നിവർക്കെതിരെയും രണ്ട് ഗോൾ വീതം നേടി. അതേസമയം, ജപ്പാൻ, ക്വാർട്ടറിൽ ഖത്തറിനെയും, സെമിയിൽ ഇറാഖിനെയുമാണ് വീഴ്ത്തിയത്.
പ്രധാന താരങ്ങളായ അബ്ദുൽഖാദിർ ഖുസനോവ്, ഹൊജിമത് എർകിനോവ്, അബ്ബാസ്ബെക് ഫൈസലോവ് എന്നിവർ ദേശീയ ടീം ഡ്യൂട്ടി അവസാനിപ്പിച്ച് ക്ലബുകൾക്കൊപ്പം ചേർന്നതാണ് ഉസ്ബെക് കോച്ച് തിമുർ കപാസെക്ക് തലവേദനയാവുന്നത്. സെമിയിൽ ജയിച്ച് ഒളിമ്പിക്സ് യോഗ്യത നേടിയതിനു പിന്നാലെയാണ് ഇവർ തങ്ങളുടെ ക്ലബുകളുടെ പ്രധാന മത്സരത്തിനായി ദോഹയിൽ നിന്നും പറന്നത്. സീനിയർ ഏഷ്യൻ കപ്പിൽ ഉസ്ബകിസ്താന്റെ സൂപ്പർതാരമായി മാറിയ അബ്ബാസ്ബെക് അണ്ടർ 23 ചാമ്പ്യൻഷിപ്പിലും മധ്യനിരയുടെ കടിഞ്ഞാൺ ഏന്തിയിരുന്നു. അതേസമയം, താരങ്ങളുടെ മടക്കം ബാധിക്കില്ലെന്നും, 23 പേരിൽ നിന്നും 11 പേരുടെ സംഘം വെല്ലുവിളിയല്ലെന്നും മികച്ച മത്സരത്തിനുള്ള സംഘത്തെ വെള്ളിയാഴ്ച പ്രതീക്ഷിക്കാമെന്നും കോച്ച് വ്യക്തമാക്കി. ഉസ്ബകിസ്താൻ കരുത്തരാണെങ്കിലും തങ്ങൾ മികച്ച മത്സരത്തിന് സജ്ജമായിക്കഴിഞ്ഞതായി ജപ്പാൻ കോച്ച് ഗോ ഓയ്വ പറഞ്ഞു. 2022 ഏഷ്യൻ കപ്പ് സെമിയിൽ ഇരു ടീമുകളും പരസ്പരം മാറ്റുരച്ചപ്പോൾ പരിശീലകരായിരുന്നവരാണ് ഇത്തവണയും മുഖാമുഖമെത്തുന്നത്. അന്ന്, ഉസ്ബകിസ്താനായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.