ജപ്പാൻ; യുവരാജാക്കന്മാർ
text_fieldsദോഹ: ഏഷ്യൻ ഫുട്ബാളിലെ യുവരാജാക്കന്മാരായി കളം വാണ് ജപ്പാൻ. അണ്ടർ 23 ഏഷ്യൻകപ്പ് ഫൈനലിൽ കരുത്തരായ ഉസ്ബെകിസ്താനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് വൻകരയുടെ സീനിയർ കിരീടം പലവട്ടം ചൂടിയ ജപ്പാൻ പട യൂത്ത് ഫുട്ബാളിലും മുത്തമിട്ടത്. ജാസിം ബിൻഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഫുകി യമാദ നേടിയ ഏക ഗോളിലായിരുന്നു വിജയം. ഇരു പകുതികളിലും ടീമുകൾ ഗോളുകളൊന്നും നേടാതെ, ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഒപ്പത്തിനൊപ്പം ഫുൾടൈം പൂർത്തിയാക്കുന്നതിനിടെ, ഇഞ്ചുറി ടൈം വിധി നിർണയിച്ചു.
11 മിനിറ്റ് അനുവദിച്ച ഇഞ്ചുറി സമയത്തിന്റെ ആദ്യമിനിറ്റിൽ തന്നെ ഉസ്ബെക് വലകുലുങ്ങി. ഉശിരൻ പ്രതിരോധവുമായി കോട്ടകെട്ടിയ ഉസ്ബെക്സിതാൻ ബോക്സിനു മുന്നിലേക്ക് ഇരമ്പിയാർത്തെത്തിയ ജപ്പാൻ സംഘം ഒന്നിലേറെ പേരുടെ അതിവേഗതയിലെ ടച്ചിലൂടെയായിരുന്നു വലകുലുക്കിയത്. വിശേഷിച്ചൊന്നുമില്ലാത്തൊരു മുന്നേറ്റത്തെ ഞൊടിയിടയിലെ ബാക്ക് ഹീൽ ക്രോസിലൂടെ അവസരമാക്കിയ പ്രതിരോധ താരത്തിൽ നിന്നും, പന്തിനെ റ്യോടാരോ അർക ബോക്സിലേക്ക് നീട്ടി നൽകി. സ്ഥാനം തെറ്റിയ ഉസ്ബെക് പ്രതിരോധത്തിനും, ഗോൾ കീപ്പർക്കുമിടയിലൂടെ ഫുകി യമാദയുടെ ഷോട്ട് വലകുലുക്കിയതോടെ കാത്തിരിപ്പുകൾക്ക് വിരാമമായി ജപ്പാന്റെ ആഘോഷത്തിനും തുടക്കം കുറിച്ചു. 20 മിനിറ്റ് മുമ്പ് പകരക്കാരനായി കളത്തിലിറങ്ങിയതായിരുന്നു വിജയ ഗോളിനുടമയായ യമാദ. തൊട്ടു പിന്നാലെ, ഉസ്ബെകിന് അനുകൂലമായൊരു പെനാൽറ്റി അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ ലിയോ കോകുബോ ഉജ്ജ്വല സേവിലൂടെ ജപ്പാന്റെ രക്ഷകനായി. 2016ന് ശേഷം, ജപ്പാന്റെ ആദ്യ ഏഷ്യൻ യൂത്ത് കിരീടമാണിത്. അതേസമയം, 2018ൽ ജേതാക്കളായ ഉസ്ബെകിസ്താന്, തുടർച്ചയായി രണ്ടാം തവണയാണ് ഏഷ്യൻ കപ്പ് ഫൈനലിൽ കിരീടമില്ലാതെ മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.