കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഖത്തർ സന്ദർശനത്തിന് തുടക്കമായി
text_fieldsദോഹ: ഇന്ത്യൻവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഖത്തർ സന്ദർശനത്തിന് ഞായറാഴ്ച തുടക്കമായി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മന്ത്രി ഖത്തറിലെത്തുന്നത്. ഉച്ചയോടെ ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന്‍റെയും ഖത്തർ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉന്നത സംഘം സ്വീകരിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തിൽ ഞായറാഴ്ച വൈകുന്നേരം 6.30ന് ഇന്ത്യൻ കൾച്ചറൽ സെൻറർ നേതൃത്വത്തിൽ മന്ത്രിക്ക് ഇന്ത്യൻ കമ്യുണിറ്റിയുടെ സ്വീകരണം നൽകും. ഐ.സി.സി അശോകഹാളിലാണ് വിവിധ സംഘനകളുടെ കൂടി പങ്കാളിത്തത്തോടെ സ്വീകരണ പരിപാടി നടക്കുന്നത്.
സന്ദർശനത്തിന്‍റെ ഭാഗമായി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരുമായി മന്ത്രി ഔദ്യോഗിക കൂടികാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ച 2.30ന് ദോഹ എക്സിബിഷൻ ആന്‍റ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആന്‍റ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ മന്ത്രി ഉദ്ഘാടനം ചെയ്യും.
തുടർന്ന് വൈകുന്നേരം ആറ് മണിക്ക് അൽ വക്റയിൽ ഇന്ത്യൻ മത്സ്യതൊഴിലാളികളുമായി സംവദിക്കുന്ന മന്ത്രി, രാത്രി 7.30ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.ബി.എഫ് നേതൃത്വത്തിലാണ് ഇന്ത്യൻ തൊഴിലാളികളെ ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 10ന് രാവിലെ 11ന് ഖത്തറിന്‍റെ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയവും മന്ത്രി വി. മുരളീധരൻ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.