വൈവിധ്യങ്ങളിലെ ഒരുമയാണ് അതിജീവനത്തിൻെറ അടിത്തറ -ഇന്ത്യൻ അംബാസഡർ
text_fieldsദോഹ: വൈവിധ്യങ്ങളിലെ ഒരുമയും പരസ്പര സഹകരണത്തിൻെറ ഉൽകൃഷ്ഠ മാതൃകയും കാഴ്ചവെക്കുന്ന ഇന്ത്യൻ സമൂഹം അതിജീവനത്തിൻെറ ഉത്തമ ഉദാഹരണമാണ് ലോകത്തിന് സമർപ്പിച്ചതെന്ന് സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ പി. കുമരൻ അഭിപ്രായപ്പെട്ടു. ഈ സവിശേഷത കാത്തുസൂക്ഷിച്ചാൽ ഭാവിയിലും ഏത് ഗുരുതര പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയ അംബാസഡർക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) നൽകിയ ഓൺലൈൻ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി കാലത്തെ ഗുണകരമായും എല്ലാവരെയും ഒരുമിച്ച് നിർത്തിയും അഭിമുഖീകരിക്കുന്നതിൽ നാം കാണിച്ച സഹകരണാത്മക മനോഭാവം അഭിനന്ദനീയമാണ്. സമൂഹത്തിലെ ദുർബലരെയും പ്രയാസപ്പെടുന്നവരെയും ശ്രദ്ധിക്കുന്നതിനും പിന്തുണ നൽകുന്നതിനും ഇതിലൂടെ സാധിച്ചു. ഇന്ത്യഖത്തർ സാംസ്കാരിക വിനിമയങ്ങളെ മികച്ചതാക്കുന്നതിനും ഖത്തരി ഭരണാധികാരികളിലും ജനതയിലും വലിയ മതിപ്പുളവാക്കുവാനും ഇന്ത്യൻ സമൂഹത്തിന് സാധ്യമായെന്നും അംബാസഡർ അഭിപ്രായപ്പെട്ടു.
ഇന്ത്യ -ഖത്തർ ബന്ധത്തെ സർക്കാർ തലത്തിലും കമ്യൂണിറ്റി തലത്തിലും പുതിയ ഉയരങ്ങളിലെത്തിച്ച അംബാസഡറായിരുന്നു പി. കുമരനെന്ന് സി.ഐ സി പ്രസിഡൻറ് കെ.ടി.അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. കോവിഡ് ടെസ്റ്റില്ലാതെ ഇഹ്തിറാസ് ആപ്പ് സൗകര്യമുപയോഗിച്ച് നാടണയാൻ ആയിരങ്ങൾക്ക് വഴിയൊരുങ്ങിയത് അംബാസഡറുടെ മാതൃകാപരമായ ഇടപെടലിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുതാൽപര്യമുള്ള അടിയന്തര വിഷയങ്ങളിൽ ഇടപെടുക മാത്രമല്ല, ഇന്ത്യൻ കമ്യൂണിറ്റിയെയും കമ്യൂണിറ്റി സംഘടനകളെയും ചേർത്ത് നിർത്തി മുന്നിൽ നിന്ന് നയിച്ച അംബാസഡറായിരുന്നു അദ്ദേഹമെന്ന് സി ഐ സി മുൻ പ്രസിഡൻറ് കെ.സി അബ്ദുല്ലത്തീഫ് പറഞ്ഞു.
ഇന്ത്യക്കാർ അഭിമുഖീകരിച്ച വിവിധ പ്രശ്നങ്ങളെ സൗമനസ്യത്തോടെ ഏറ്റെടുത്ത ജനകീയനായ അംബാസഡറായിരുന്നു പി. കുമരനെന്ന് കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ പറഞ്ഞു. വിനയത്തോടെയുള്ള പെരുമാറ്റം മൂലമാണ് ഒരേ സമയം ഇന്ത്യൻഖത്തരി സമൂഹത്തിൻെറ മനസ്സ് കവരാൻ അദ്ദേഹത്തിന് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യൻ മെഡിക്കൽ ക്യാമ്പുൾപ്പെടെ ഇന്ത്യൻ കമ്യൂണിറ്റിയുടെ എല്ലാ സാമൂഹിക സംരംഭങ്ങളെയും കലവറയില്ലാതെ പി.കുമരൻ പിന്തുണച്ചുവെന്ന് സി ഐ സി മെഡിക്കൽ ടീം അംഗം ഡോ.അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.
വിമൻ ഇന്ത്യ പ്രസിഡൻറ് നഹ്യ ബീവി, യൂത്ത് ഫോറം വൈസ് പ്രസിഡൻറ് അബ്സൽ അബ്ദുട്ടി എന്നിവരും സംസാരിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി ആർ എസ് അബ്ദുൽ ജലീൽ സ്വാഗതവും പി ആർ ഹെഡ് ജംഷീദ് ഇബ്റാഹിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.