ഫലസ്തീന് ഐക്യദാർഢ്യം; അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി
text_fieldsദോഹ: ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണത്തിൽ തകർന്ന ഗസ്സക്കും ഫലസ്തീനികൾക്കും ഐക്യദാർഢ്യമർപ്പിച്ച് അടുത്ത മാസം നടക്കേണ്ടിയിരുന്ന അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കാൻ തീരുമാനം. സംഘാടകരായ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് നവംബർ എട്ട് മുതൽ 16 വരെ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഫലസ്തീൻ സഹോദരങ്ങൾക്ക് ഐക്യദാർഢ്യവുമായി 11ാമത് അജ്യാൽ ചലച്ചിത്ര പ്രദർശനം റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. ഈ ഘട്ടത്തിൽ നമ്മുടെ മേഖലയിലെതന്നെ സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ്. ഓരോ ദിവസവും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നത് കാണുമ്പോൾ തകർന്നുപോകുന്നു. ഇത് ആഘോഷത്തിനുള്ള സമയമല്ല, ബോധപൂർവമായി പ്രവർത്തിക്കേണ്ട സമയമാണ്’ -ദോഹ ഫലിം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഒരു സാംസ്കാരിക സംഘടന എന്ന നിലയിൽ ഫലസ്തീനിയൻ ജീവിതങ്ങൾക്കും ശബ്ദങ്ങൾക്കും ഇടം നൽകൽ അജ്യാലിന്റെ പ്രവർത്തനത്തിൽ നിർണായകമാണ്. എന്നാൽ, ഈ സാഹചര്യത്തിൽ ഫലസ്തീന്റെ ശബ്ദം ലോകമെമ്പാടും മുഴക്കുകയാണ് ഞങ്ങൾ- പ്രസ്താവനയിൽ വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേലിന്റെ ഗസ്സ ആക്രമണം, ഓരോ ദിനവും കൂടുതൽ നാശം വിതച്ച് തുടരുന്നതിനിടെ മേഖലയിൽ റദ്ദാക്കപ്പെടുന്ന മൂന്നാമത്തെ ഫിലിം ഫെസ്റ്റിവലാണിത്. ഈജിപ്തിലെ എൽ ഗൗന, കൈറോ ഫെസ്റ്റിവൽ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറബ് ലോകത്തെയും പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകർ ഒത്തുചേരുകയും, മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന അജ്യാൽ മേഖലയിലെ തന്നെ ശ്രദ്ധേയ സിനിമ പ്രദർശനമാണ്. കഴിഞ്ഞ വർഷം, ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് പത്താം വാർഷികം വിപുലമായ ആഘോഷിച്ചാണ് അജ്യാൽ അരങ്ങേറിയത്. നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ച 11ാമത് ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ നേരത്തേതന്നെ തുടങ്ങിയിരുന്നു. വളന്റിയർ പ്രോഗ്രാം, ഫിലിം ജൂറി, ഉൾപ്പെടെ പ്രവർത്തനങ്ങളും ആരംഭിച്ചു. അന്താരാഷ്ട്രീയം, മേയ്ഡ് ഇൻ ഖത്തർ, ഷോർട് ഫിലിം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായാണ് പ്രദർശനം നടക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.