ലൈസൻസില്ലാത്ത നഴ്സുമാർ; സ്വകാര്യ ക്ലിനിക്കിനെതിരെ നടപടി
text_fieldsദോഹ: ലൈസൻസില്ലാത്ത നഴ്സിങ് ജീവനക്കാരെ നിയമിച്ചതിനെ തുടർന്ന് ഖത്തറിലെ സ്വകാര്യ ക്ലിനിക്കിനെതിരെ നടപടി സ്വീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രഫഷനൽ ലൈസൻസില്ലാതെ രണ്ട് നഴ്സുമാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.
രാജ്യത്തെ ആരോഗ്യനിയമങ്ങളുടെ ലംഘനമായി കണക്കിലെടുത്താണ് ക്ലിനിക് താൽക്കാലികമായി അടച്ചിടാൻ അധികൃതർ നിർദേശം നൽകിയത്. ഇതിനുപുറമെ, മറ്റു ചില നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയ സ്ഥാപനത്തിനും നിയമവിരുദ്ധമായി ജോലിചെയ്ത നഴ്സുമാർക്കും എതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രാലയം ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ യോഗ്യതയും ലൈസൻസും സംബന്ധിച്ച് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വ്യാജരേഖ ചമച്ച് പ്രഫഷനൽ ലൈസൻസ് തരപ്പെടുത്തി ജോലിക്ക് കയറാൻ ശ്രമിച്ച 83 പേർക്കെതിരെ 2022, 2023 വർഷങ്ങളിൽ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരെയാണ് ലൈസൻസ് അപേക്ഷ നടപടിയിൽ തിരിച്ചറിയുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.