കൂടുതൽ തൊഴിലുകൾ ഉൾപ്പെടുത്തി തൊഴിൽ ഗൈഡ് പരിഷ്കരണം
text_fieldsദോഹ: പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വകാര്യമേഖലയിലെ തൊഴിലുകളെ തരംതിരിച്ചും വിശദീകരിച്ചുമുള്ള സമഗ്ര ഗൈഡുമായി ഖത്തർ തൊഴിൽ മന്ത്രാലയം. പുതിയ തൊഴിൽ വിപണി തുറന്നു നൽകിയ നവീനമായ തൊഴിലുകളെ കൂടി ഉൾപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് സ്വകാര്യമേഖലയിലെ ഒക്യൂപേഷനൽ ഡിസ്ക്രിപ്ഷൻ ആൻഡ് ക്ലാസിഫിക്കേഷൻ ഗൈഡ് പരിഷ്കരിച്ച് പുറത്തിറക്കിയത്. പുതിയ തൊഴിൽ വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തിയ ഗൈഡിൽ 3717 തൊഴിലുകളാണുള്ളത്.
ആഭ്യന്തര മന്ത്രാലയം, തൊഴിൽ, വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി തുടങ്ങിയ മന്ത്രാലയങ്ങൾ, ഖത്തർ ഫൗണ്ടേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ്, ഖത്തർ എനർജി, ഖത്തർ സെൻട്രൽ ബാങ്ക്, സിവൽ സർവിസ് ആൻഡ് ഗവ. ഡെവലപ്മെന്റ് ബ്യൂറോ, നാഷനൽ പ്ലാനിങ് കൗൺസിൽ, ഖത്തർ ചേംബർ ഓഫ് കോമേഴ്സ് തുടങ്ങിയ വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഗൈഡ് പരിഷ്കരണം പൂർത്തിയാക്കിയത്. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായാണ് തൊഴിലുകളുടെ ഇനം തരംതിരിച്ചിരിക്കുന്നത്.
വ്യവസായിക വളർച്ചയും തൊഴിൽ വൈവിധ്യവത്കരണവും അടിസ്ഥാനമാക്കിയാണ് പുതിയ തൊഴിൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ഓരോ തൊഴിൽ വിഭാഗത്തിനും വിശദമായ വിവരണങ്ങൾ തയാറാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സേവനങ്ങൾ സംയോജിപ്പിച്ചുകൊണ്ടായിരുന്നു ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതുവഴി, തൊഴിൽ നിയമത്തിന് വിധേയമായ കമ്പനികളിൽനിന്നുള്ള റിക്രൂട്ട്മെന്റ് അപേക്ഷ, വിസ, റെസിഡൻസി നടപടികൾ, കരാർ ഡോക്യുമെന്റേഷൻ, റെസിഡൻസി പുതുക്കൽ, വർക്ക് പെർമിറ്റ് തുടങ്ങിയവയിലൂടെ ആദ്യ ഘട്ടത്തിൽ വിവരശേഖരണം സാധ്യമായി. തൊഴിൽ നിയമം നിയന്ത്രണങ്ങൾക്ക് പുറത്തുള്ള മേഖല ഉൾപ്പെടുത്തിയാവും ഭാവിയിലെ വിപുലീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.