ഉപരോധം: മനുഷ്യാവകാശ പ്രശ്നം പരിശോധിക്കാമെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ
text_fieldsദോഹ: ഖത്തറിന് മേൽ ഏർപ്പെടുത്തിയ നിയമവിരുദ്ധ ഉപരോധത്തെ തുടർന്നുണ്ടായ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ സന്നദ്ധമാണെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ. ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അലി ബിൻ സുമൈഖ് അൽ മർരിയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശ ലംഘനങ്ങൾ യു.എസ് കോൺഗ്രസ് അംഗങ്ങൾക്ക് മുമ്പാകെ ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ നേരത്തെ വിശദമാക്കിയിരുന്നു.
മൈക് കാപുവാനോ, സ്റ്റീഫൻ ലിഞ്ച്, ഡേവിഡ് സിസിലിൻ, നിത ലോവി എന്നീ പ്രതിനിധി സഭ അംഗങ്ങളുമായി ഡോ. അലി ബിൻ സുമൈഖ് അൽ മർരി കൂടിക്കാഴ്ച നടത്തിയിരുന്നു.മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തിയതായും ചർച്ച ചെയ്യുന്നതിനും പരിശോധിക്കുന്നതിനും അംഗങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ടേബിളിൽ ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചർച്ചക്ക് വെക്കുന്നതിൽ കോൺഗ്രസ് അംഗങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഉപരോധം സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുമുള്ള അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയതായും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ഡോ. അലി സുമൈഖ് അൽ മർരി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.