ഖത്തറിന് ഇന്ന് ഉസ്ബക് വെല്ലുവിളി
text_fieldsദോഹ: ലോകകപ്പ് യോഗ്യത സ്വപ്നവുമായി പോരാടുന്ന ഖത്തറിന് ഇന്ന് സ്വന്തം മുറ്റത്ത് അതിനിർണായക പോരാട്ടം. മൂന്നാം റൗണ്ടിലെ ഗ്രൂപ് ‘എ’യിൽ ആദ്യ സ്ഥാനത്തുള്ള ഉസ്ബകിസ്താനെതിരെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ബൂട്ടുകെട്ടുന്ന ആതിഥേയർക്ക് വിജയം എന്നത് അനിവാര്യ ലക്ഷ്യമാണ്.
രാത്രി 7.15നാണ് മത്സരം. നാല് കളി പൂർത്തിയായ ഗ്രൂപ്പിൽ പത്ത് പോയന്റുമായി ഇറാനൊപ്പം മുൻനിരയിലാണ് ഉസ്ബകിസ്താന്റെ സ്ഥാനമെങ്കിൽ, ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമുള്ള ഖത്തർ നാല് പോയന്റുമായി നാലാം സ്ഥാനത്താണ്.
ലോകകപ്പ് യോഗ്യതക്കുള്ള അങ്കത്തിന് ചൂട് പിടിക്കവേ ഇനിയുള്ള ഓരോ കളിയും നിർണായകമെന്ന ബോധ്യത്തിലാണ് ഖത്തർ പരിശീലകൻ മാർക്വേസ് ലോപസ് ടീമിനെ ഒരുക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിലെ മത്സരം എന്ന നിലയിൽ അന്നാബികൾക്ക് ഒരുപാട് അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിലും എതിരാളികൾ ഗ്രൂപ്പിൽ ഏറ്റവും പ്രബലരാണ്.
യു.എ.ഇയോട് വഴങ്ങിയ തോൽവിക്കു ശേഷം, വടക്കൻ കൊറിയയെ സമനിലയിൽ പിടിച്ചും, കിർഗിസ്താനെ 3-1ന് തകർത്തും തിരിച്ചെത്തിയ ഖത്തറിന്റെ ആത്മവിശ്വാസമെല്ലാം തച്ചുടക്കുന്നതായിരുന്നു കഴിഞ്ഞ മാസം ദുബൈയിൽ ഇറാനെതിരെ നടന്ന നാലാം മത്സരം.
ആദ്യം ഗോളടിച്ച് ലീഡ് നേടിയ ഖത്തറിനെ 4-1നാണ് ഇറാൻ വീഴ്ത്തിയത്. ഈ തോൽവിയുടെ ആഘാതത്തിൽനിന്നും പതിയെ കരകയറിയാണ് കോച്ച് ലോപസും സംഘവും ഉസ്ബകിനെതിരെ സ്വന്തം മണ്ണിൽ ബൂട്ടുകെട്ടുന്നത്. ഏഷ്യൻ ഫുട്ബാളർ പുരസ്കാരം നേടിയെത്തിയ അക്രം അഫീഫിന്റെ ഫോമും, അൽമുഈസ് അലിയുടെ ഗോൾ വേട്ടയും ഒപ്പം മുഹമ്മദ് മുൻതാരി ഉൾപ്പെടെ സീനിയർ താരങ്ങളുടെ തിരിച്ചുവരവുമായാണ് ഖത്തർ യൂത്ത് ഫുട്ബാളിലെ ഏഷ്യൻ ചാമ്പ്യന്മാർക്കെതിരെ ഒരുങ്ങുന്നത്.
പ്രതിരോധത്തിലും മാധ്യനിരയിലും നിറഞ്ഞാടാൻ ബൗലം കൗഖി, ലൂകാസ് മെൻഡസ്, മുസ്തഫ മിഷാൽ, എഡ്മിൽസൺ ജൂനിയർ എന്നിവരുണ്ടെങ്കിലും ഉസ്ബകിസ്താൻ കൂടുതൽ യുവത്വവും കരുത്തും നിറഞ്ഞതാണ്.
ഏഷ്യൻ കപ്പിൽ ഖത്തറിന്റെ മണ്ണിൽ നിറഞ്ഞാടിയ ഫൈസലോവ്, സുഖ്റോവ്, മഷാരിപോവ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ടീമിനെ 90 മിനിറ്റ് കടിഞ്ഞാണിട്ട് നിർത്തുകയാവും ഖത്തർ പരിശീലകനുള്ളിലെ സുപ്രധാന വെല്ലുവിളി. നായകൻ കൂടിയായ റോമ സ്ട്രൈകർ എൽഡർ ഷുമറോദോവ് സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഇടം നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.