സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന്
text_fieldsദോഹ: സി.വി ശ്രീരാമൻെറ സ്മരണാർഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ 'സംസ്കൃതി-സി. വി. ശ്രീരാമന്‍' സാഹിത്യ പുരസ്‌കാരത്തിന് സാദിഖ് കാവിലിൻെറ 'കല്ലുമ്മക്കായ' എന്ന ചെറുകഥ അർഹമായി. കാസർഗോഡ് സ്വദേശിയായ സാദിഖ് കഴിഞ്ഞ 15 വർഷമായി ദുബൈയില്‍ മാധ്യമ പ്രവർത്തകനാണ്.
സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകൻ ഇ. പി. രാജഗോപാലന്‍, തിരക്കഥാകൃത്ത് കെ. എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം നവംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ഐ. സി. സി. അശോക ഹാളില്‍ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ സമ്മാനിക്കും. ജൂറി അംഗങ്ങള്‍ ഓൺലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കും.
മാധ്യമപ്രവർത്തനത്തോടൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളുമായി സജീവമായ പ്രവാസ എഴുത്തുകാരനാണ് സാദിഖ്. മനോരമ ഓൺലൈൻ റിപ്പോർട്ടറാണ്. മികച്ച നോവലിനുള്ള ദോഹ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻെറ പ്രഥമ സാഹിത്യ പുരസ്കാരം (2017), പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് (2014) എന്നിവ 'ഔട്പാസ്' എന്ന ആദ്യ നോവലിന് ലഭിച്ചു. 'ഖുഷി' എന്ന ബാലനോവൽ ചിരന്തന സാഹിത്യ പുരസ്‌കാരത്തിനും അർഹമായി. നാഷണല്‍ ബുക്ക് ട്രസ്റ്റ് കഥാ പുരസ്‌കാരം, എം. ഇ. എസ്. പൊന്നാനി അലുംനെ കഥാ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കാവിലെ പൂക്കൾക്കും കിളികൾക്കും, ജീവിതത്തിൻെറ നല്ലൊരു ഭാഗം, കന്യപ്പാറയിലെ പെൺകുട്ടി, പ്രിയ സുഹൃത്തിന് എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍.
ജി. സി. സി. രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുമ്പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിനായി പരിഗണിച്ചത്. ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമായി 75ലേറെ കഥകൾ മത്സരത്തിൽ പങ്കെടുത്തതായി സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.
ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്കൃതി പ്രസിഡണ്ട് അഹമ്മദ്കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ. കെ. ജലീല്‍, സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാര സമിതി കൺവീനര്‍ ഇ. എം. സുധീര്‍, കേരളോത്സവം പ്രോഗ്രാം കൺവീനര്‍ ഓ. കെ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.