10,11 ക്ലാസ് വിദ്യാർഥികൾക്ക് പ്രതിരോധ കുത്തിവെപ്പ്
text_fieldsദോഹ: ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ എന്നിവക്കെതിരായ കുട്ടികൾക്കുള്ള 'ടിഡാപ്' കുത്തിവെപ്പ് കാമ്പയിൻ മാർച്ചിൽ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
എല്ലാ വർഷവും നൽകി വരുന്ന കുത്തിവെപ്പിൽ ഇത്തവണ 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ എന്നീ രോഗങ്ങൾക്കെതിരെ ആരോഗ്യ സുരക്ഷ നൽകുന്നതിന്റെ ഭാഗമായാണ് വാർഷിക പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം കമ്യൂണിക്കബ്ൾ ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി അറിയിച്ചു. ഓരോ 10 വർഷത്തിലും മൂന്നു രോഗത്തിനുമെതിരെ കുത്തിവെപ്പ് സ്വീകരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് കുട്ടികൾക്കായി കാമ്പയിൻ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ കുത്തിവെപ്പ് യത്നത്തിലൂടെ ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻചുമ എന്നിവക്കെതിരെ രാജ്യം പ്രതിരോധം സൃഷ്ടിച്ചു കഴിഞ്ഞു.
തുടർ വാക്സിനേഷനിലൂടെ പ്രതിരോധ ശക്തി നിലനിർത്തുന്നതിനാണ് ശ്രദ്ധ നൽകുന്നത്. മരണമോ പൂർണ വൈകല്യം വരെയോ സംഭവിക്കാൻ സാധ്യതയുള്ള രോഗം എന്ന നിലയിൽ കുട്ടികൾക്ക് രോഗ പ്രതിരോധ ശേഷി ലഭ്യമാക്കുകയാണ് വാക്സിനേഷൻ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു.
എല്ലാ വർഷവും 10ാംതരം വിദ്യാർഥികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.
എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ചത് കാരണം ആ ബാച്ച് വിദ്യാർഥികൾക്ക് വാക്സിനേഷൻ നഷ്ടമായി. അതു നികത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ 10ാം തരക്കാർക്ക് പുറമെ, 11ാം തരം വിദ്യാർഥികൾക്കു കൂടി വാക്സിനേഷൻ നൽകുന്നത്. കുട്ടികൾക്ക് കുത്തിവെപ്പ് ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.