കുട്ടികൾക്ക് വാക്സിനേഷന് തുടക്കം
text_fieldsദോഹ: കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ കുത്തിവെപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ടെറ്റ്നസ്, ഡിഫ്തീരിയ, വില്ലൻ ചുമ (ടിഡാപ്) എന്നിവക്കെതിരെ രോഗപ്രതിരോധ ശേഷിക്കായി പത്ത് വയസ്സുള്ള കുട്ടികൾക്കുള്ള കുത്തിവെപ്പിനാണ് ഞായറാഴ്ച തുടക്കം കുറിച്ചത്.
ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി ചേർന്നാണ് എല്ലാ വർഷങ്ങളിലും ഈ കുത്തിവെപ്പ് നടത്തുന്നത്.
കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി നൽകുകയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നൽകുന്നത്. സർക്കാർ, സ്വകാര്യ, കമ്യൂണിറ്റി സ്കൂളുകളിലെ വിദ്യാർഥികൾക്ക് വാക്സിൻ നൽകും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കേണ്ട കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇതിനകം അറിയിപ്പു നൽകിയതായും, സമ്മതത്തോടെയാണ് കുത്തിവെപ്പ് നൽകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
വാക്സിനേഷൻ കാമ്പയിനിന്റെ ഭാഗമായി ജനുവരി 15 ബുധനാഴ്ച മന്ത്രാലയം നേതൃത്വത്തിൽ ബോധവത്കരണ ശിൽപശാലയും സംഘടിപ്പിച്ചിരുന്നു. മന്ത്രാലയം, പി.എച്ച്.സി.സി, സ്കൂൾ എന്നിവിടങ്ങളിലെ മെഡിക്കൽ, നഴ്സിങ് ജീവനക്കാരെ പങ്കെടുപ്പിച്ചാണ് ഇത് നടത്തിയത്.
കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ആരോഗ്യകരമായ വിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ആരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു. അർഹരായ കുട്ടികൾക്ക് വാക്സിൻ നൽകിയെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
കുട്ടികളുടെ ഉപരിപഠനം ഉൾപ്പെടെ ആവശ്യങ്ങൾക്ക് കുത്തിവെപ്പ് സ്വീകരിച്ച സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.