എല്ലാവർക്കും വാക്സിൻ; പൂർണപിന്തുണയുമായി ഖത്തർ
text_fieldsദോഹ: വിവേചനരഹിതമായി എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുകയെന്ന മാനുഷികവും ധാർമികവുമായ നിലപാട് ആവർത്തിച്ച് ഖത്തർ.
കോവിഡ് മഹാമാരിയെ മറികടക്കാൻ മുഴുവൻ ആളുകളുടെയും ഐക്യദാർഢ്യവും ഉത്തരവാദിത്തവും അനിവാര്യമാണെന്നും ഖത്തർ ആവശ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ സമിതിയുടെ 49ാം സെഷന് മുന്നോടിയായി നടന്ന പാനൽ ചർച്ചയിലാണ് ഖത്തർ നയം വ്യക്തമാക്കിയത്.
എല്ലാ രാജ്യങ്ങളിലും കോവിഡ് വാക്സിൻ സമഗ്രവും തുല്യതയോടെയും കൃത്യസമയത്തുമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് പാനൽ ചർച്ച ചെയ്തു.
മുഴുവൻ ആളുകൾക്കും വിവേചന രഹിതമായി കൃത്യസമയത്ത് വാക്സിൻ നൽകുന്നതിന് ഖത്തറിന്റെ പൂർണ പിന്തുണയുണ്ട്. അന്താരാഷ്ട്ര വാക്സിൻ സഖ്യമായ ഗവിക്കും കോവാക്സിനും ലോകാരോഗ്യ സംഘടനക്കും ഈ അടിസ്ഥാനത്തിൽ ഖത്തറിന്റെ പിന്തുണ നൽകിയിട്ടുണ്ട്.
കൂടാതെ അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും കുടിയേറ്റ ജനതക്കും വാക്സിൻ ലഭ്യമാക്കുന്നതിനായുള്ള അന്താരാഷ്ട്ര മാനുഷിക സംരംഭങ്ങൾക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആഗോള സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിനുമായി ചില രാജ്യങ്ങളുമായി സഹകരിച്ച് ഖത്തർ ആഗോള സുരക്ഷക്കായി സോളിഡാരിറ്റി ഫ്രണ്ട്സ് ഗ്രൂപ് ആരംഭിച്ചതും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.