വാക്സിൻ: പ്രതീക്ഷയിൽ ഖത്തറും
text_fieldsദോഹ: ലഭ്യമാകുന്ന മുറക്ക് ഖത്തറിൽ കോവിഡ് വാക്സിൻ എത്തിക്കുന്നതിനായി പൊതുജനാരോഗ്യമന്ത്രാലയം ഒപ്പുവെച്ച കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ വിജയത്തോടടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സാർസ്-കോവ്-2നെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്ഥാനമായ ഫൈസർ ആൻഡ് ബയോൻടെക് എന്ന കമ്പനിയുമായി ഒക്ടോബർ ആദ്യത്തിൽ ആരോഗ്യമന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നു.
ഇവരുടെ വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. കമ്പനിയുടെ വാക്സിൻ കോവിഡിനെതിരെ 80 ശതമാനം ഫലപ്രദമായി പ്രതികരിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. നവംബർ എട്ടിന് നടന്ന കമ്പനിയുടെ ഇടക്കാല പരീക്ഷണത്തിെൻറയും വിലയിരുത്തൽ റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ ഇതുവരെയുള്ള നടപടിക്രമങ്ങൾ വിജയകരമായിരുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ക്ലിനിക്കൽ പഠനത്തിെൻറ മൂന്നാംഘട്ടത്തിലാണിത്. സ്വതന്ത്ര നിരീക്ഷണ കമ്മിറ്റിയാണ് ഈ പഠനം നടത്തുന്നത്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലം ആശാവഹമാണെന്നും വാക്സിന് കോവിഡിനെതിരെ പ്രവർത്തിക്കാനുള്ള ശേഷിയുണ്ടെന്ന് തെളിഞ്ഞതായും ഫൈസർ ആൻഡ് ബയോൻടെക് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ഡോ. ആൽബർട്ട് ബൂർല അറിയിച്ചു. വാക്സിെൻറ കാര്യത്തിൽ സങ്കീർണമായ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. എല്ലാ അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ വാക്സിൻ വിതരണം ചെയ്യും. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ രണ്ടു കമ്പനികളുമായാണ് കോവിഡ് വാക്സിനായി ഖത്തർ കരാർ ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായ 'മോഡേണ'ബയോടെക് കമ്പനിയാണ് മറ്റൊന്ന്. തുടക്കം മുതൽ തന്നെ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും പരിശ്രമിക്കുന്ന കമ്പനിയാണിത്. കമ്പനിയുടെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിലും ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. ആരോഗ്യവാന്മാരായ ആളുകളിൽ കമ്പനി വികസിപ്പിച്ച മരുന്നു പ്രയോഗിച്ചപ്പോൾ അവരുടെ ശരീരത്തിൽ കോവിഡിനെതിരായ ആൻറിബോഡികൾ ഉണ്ടായിട്ടുണ്ട്. ടി സെല്ലിൽ നിന്നുള്ള രോഗപ്രതിരോധശേഷിയും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരിൽ കൂടുതൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള ഫലങ്ങൾ ആശവാഹമാണ്. 'മോഡേണ'കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ ഉന്നതഗുണമേന്മയുള്ളതാണ്. 30,000 ആളുകളാണ് ഇതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉൾപ്പെടുന്നത്. 2021 ആദ്യത്തിൽ 500 മില്യൻ ഡോസ് വാക്സിൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ് പൂർണമായും ഇല്ലാതായിട്ടില്ല. ഇതിനാൽ, ജനങ്ങൾ വാക്സിൻ ലഭ്യമാകുന്നതു വരെ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ കാർക്കശ്യം പുലർത്തണം. ഇതിൽ വീഴ്ച വരുത്തരുത്. മഹാമാരിക്കെതിരെ ഖത്തർ സ്വീകരിച്ച സമഗ്രവും തന്ത്രപ്രധാനവുമായ നടപടികൾ രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിൽ വിജയിച്ചുവെങ്കിലും മറ്റു രാജ്യങ്ങളെപോലെ കുറച്ചുകാലം കോവിഡ്-19നൊപ്പം നാം ജീവിക്കേണ്ടി വരും. മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ പ്രധാന സുരക്ഷാ മുൻകരുതലുകൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ പറയുന്നു. വൈറസിനെതിരായ കൃത്യമായ വാക്സിൻ ലഭ്യമായാൽ മാത്രമേ പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.
കോവിഡ്-19 വാക്സിനോടുള്ള ഖത്തറിലെ ജനങ്ങളുടെ സമീപനവും അഭിപ്രായവും സ്വരൂപിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷൻ സർവേ നടത്തുന്നുണ്ട്. വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനാണിത്.
ഖത്തർ മുന്നോട്ടുവെച്ച വാക്സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസവും വാക്സിനോടുള്ള ജനങ്ങളുടെ സമീപനവും രേഖപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഗവേഷണ സർവേ. ഹമദ് മെഡിക്കൽ കോർപറേഷെൻറ മാനസികാരോഗ്യ സേവന വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പൂർണമായും ഒൺലൈൻ വഴിയാണ് സർവേ സംഘടിപ്പിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലായി തയാറാക്കിയ സർവേ, കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് ഖത്തറിെൻറ തീരുമാനങ്ങളും പദ്ധതികളും അറിയിക്കാൻ സഹായിക്കുകയും ചെയ്യും.
വാക്സിൻ സംബന്ധമായി ജനങ്ങൾക്കിടയിലുള്ള അഭിപ്രായങ്ങളെയും സമീപനങ്ങളെയും അറിയാനും അതിലൂടെ അവർക്ക് വാക്സിനുമായി ബന്ധപ്പെട്ട കൃത്യമായ ഉപദേശം നൽകാനും തെറ്റിദ്ധാരണകൾ അകറ്റാനും സർവേ സഹായിക്കും. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായാണ് കോവിഡ്-19 വാക്സിൻ വിതരണം ചെയ്യുകയെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ുൽലത്തീഫ് അൽ ഖാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്സിൻ ലഭ്യമാകുന്നതോടെ രാജ്യത്ത് വലിയ അളവിൽ മരുന്ന് എത്തിക്കാൻ നിരവധി കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. ഇതുവരെയുള്ള ശ്രമങ്ങൾ ശുഭപ്രതീക്ഷ നൽകുന്നവയാണ്. ഒക്ടോബർ അവസാനത്തോടെയോ നവംബറിലോ വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്സിന് അംഗീകാരം ലഭിക്കുക. നിലവിൽ വിവിധ രാജ്യങ്ങളിലായി 44,000 പേരിൽ വാക്സിൻ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിൻ സുരക്ഷിതവും പ്രവർത്തന ക്ഷമതയുള്ളതുമാണെന്ന് തെളിയിക്കപ്പെടുന്നതോടെ അംഗീകാരം ലഭിക്കുകയും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ ആയിരിക്കും ഖത്തറിൽ കോവിഡ് വാക്സിൻ എത്തുകയെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.