വാക്സിൻ സ്വീകരിച്ചവർ സേഫാണ്
text_fieldsദോഹ: വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത വിരളമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി. കോവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക്, വാക്സിൻ സ്വീകരിച്ചവരേക്കാൾ രോഗം വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണ്. കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇനിയും കുത്തിവെപ്പ് സ്വീകരിക്കാതിരിക്കുന്നത് അപകടകരമാവും -ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
ഇൻറർനാഷനൽ റിസർച്ച് സെൻററിന്റെ ഏറ്റവും പുതിയ പഠനം പ്രകാരം വാക്സിൻ സ്വീകരിച്ചവർക്ക് രോഗബാധയുണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 29 മടങ്ങ് കുറവാണ്. വിവിധ താരതമ്യ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഈ നിഗമനത്തിലെത്തിയത്. കുത്തിവെപ്പ് എടുത്തവരിലും അല്ലാത്തവരിലുമായി മേയ് ഒന്ന് മുതൽ ജൂൈല 25 വരെ നടത്തിയ പഠനങ്ങളാണ് പുതിയ കണ്ടെത്തലിന് ആധാരം. 'കോവിഡിന്റെ ആരംഭകാലം മുതൽ വൈറസിൽ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഡെൽറ്റ വകഭേദം വേഗത്തിൽ പടരുന്നതിനൊപ്പം കൂടുതൽ അപകടകരവുമാണ് -ഡോ. മൂന അൽ മസ്ലമാനി പറഞ്ഞു. കോവിഡിനെതിരെ ഖത്തറിന്റെ വാക്സിനേഷൻ പരിപാടികൾ കൂടുതൽ ഫലപ്രദമാണെന്നും അവർ പറഞ്ഞു.
'പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും രോഗം ബാധിച്ചേക്കാം. എന്നാൽ, ലക്ഷണങ്ങൾ ചെറുതായിരിക്കും. ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യങ്ങളും വളരെ കുറവാകും. ഡെൽറ്റ വകഭേദവുമായി ബന്ധപ്പെട്ട കേസുകളിലും വാക്സിൻ സുരക്ഷിതമായ കവചമൊരുക്കും' -ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
അതേസമയം, രാജ്യം സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഇതിനകം 45.23 ലക്ഷം ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കി കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വാക്സിനേഷന് യോഗ്യരായവരില്‍ (12 വയസ്സും അതിന് മുകളിലുള്ളവരും) 95 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിന് സ്വീകരിച്ചു. 88.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് ലഭിച്ചു. ആകെ ജനസംഖ്യയുടെ 82.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന് ലഭിച്ചിട്ടുണ്ട്. ഖത്തറിലെ ജനങ്ങളില്‍ 76.4 ശതമാനം പേര് പൂര്‍ണമായും വാക്സിനെടുത്തുവെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.