ഖത്തറിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് വിവിധ ഇന്ത്യൻ സ്കൂളുകളും
text_fieldsദോഹ: ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശഭക്തിഗാനങ്ങളും സംഘനൃത്തങ്ങളും ടാബ്ലോ ചിത്രീകരണവുമുൾപ്പെടെ പ്രൗഢമായ ആഘോഷ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. മുഖ്യാതിഥിയായ എം.ഇ.എസ് ഗവേണിങ് പ്രസിഡന്റ് കെ. അബ്ദുൾ കരീം ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ‘നമ്മുടെ മഹത്തായ പൈതൃകവും മാതൃരാജ്യത്തിന്റെ പകിട്ടേറിയ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഉണർത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സംസാരിച്ചു.
സ്‌കൂൾ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനങ്ങൾക്കൊപ്പം വിദ്യാലയം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കാമ്പസ് കെയർ ഫോഴ്സ് (സി.സി.എഫ്) അംഗങ്ങൾ, കെ.ജി, ജൂനിയർ വിദ്യാർഥികൾ തുടങ്ങിയവരും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച വിദ്യാർഥികളും സിന്തറ്റിക് ട്രാക്കിലൂടെ പരേഡ് നടത്തി. രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് പ്രദേശങ്ങളെ പ്രതിനിധാനംചെയ്താണ് അവർ അണിനിരന്നത്. റോളർ സ്കേറ്റർമാരും സൈക്ലിസ്റ്റുകളും പരേഡിന് മാറ്റുകൂട്ടി. 2023 അന്താരാഷ്ട്ര തലത്തിൽ ‘മില്ലറ്റ് വർഷം’ ആയി ആചരിക്കുന്നതിനാൽ സി.സി.എഫ് അംഗങ്ങൾ പാചകക്കാരുടെ വേഷത്തിൽ ‘ഫാം മുതൽ പ്ലേറ്റ് വരെ’ എന്ന പ്രമേയത്തിൽ മില്ലറ്റ് സ്റ്റാൾ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഖലീൽ എ.പി, ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ, സെക്രട്ടറി എൻ.എം. ഹാഷിം, എം.സി. മുഹമ്മദ്, ഫൈസൽ മായൻ, എം.ഇ.എസ് ഗവേണിങ് ബോർഡ് അംഗങ്ങൾ, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കാളികളായി. അധ്യാപകരായ റിസ്‌വ ഫാത്തിമ സ്വാഗതവും രമ്യ നന്ദകുമാർ നന്ദിയും പറഞ്ഞു. സ്‌കൂൾ കൾച്ചറൽ കോഓർഡിനേറ്റർ വി. ഹർഷൻ പരിപാടികൾ ഏകോപിപ്പിച്ചു.
ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനാഘോഷം നോബിൾ ഇന്റർനാഷനൽ സ്കൂളിൽ വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. നോബിൾ ഇന്റർനാഷനൽ സ്കൂൾ ഇവന്റ് മാനേജ്‌മെന്റ് ഡയറക്ടർ അബ്ദുൽ മജീദ് ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. സ്കൂൾ ട്രാൻസ്‌പോർട്ടേഷൻ ഡയറക്ടർ ആർ.എസ്. മൊയ്‌തീന്റെ സാന്നിധ്യത്തിൽ സ്കൂൾ അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വൈവിധ്യമാർന്ന ദേശീയോദ്ഗ്രഥന പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ മാറ്റ് വർധിപ്പിച്ചു.
നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ (അക്കാദമിക്) ജയ്മോൻ ജോയ്, വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ധീൻ, വൈസ് പ്രിൻസിപ്പൽ (അഡ്മിനിസ്ട്രേഷൻ) റോബിൻ കെ. ജോസ്, ഹെഡ് ഓഫ് സെക്ഷൻസ് കെ. നിസാർ, ഹാജറ ബാനു, അസ്മ റോഷൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു.
ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുമാമയിൽ ചെയർമാൻ ഡേവിസ് എടുകുളത്തൂർ, ഉമ്മുസലാൽ അലിയിൽ പ്രിൻസിപ്പൽ ജയൻ ദേവസ്സി, ജേക്കബ് മാത്യു, ഖാർതിയ്യത് കാമ്പസിൽ ജുട്ടാസ് പോൾ എന്നിവർ ദേശീയ പതാക ഉയർത്തി. ഖാർതിയ്യത് കാമ്പസിൽ വൈസ് പ്രിൻസിപ്പൽ ശാലിനി റാവത്ത്, വൈസ് പ്രിൻസിപ്പൽ അനുപമ, ക്വാളിറ്റി ഓഡിറ്റർ മഞ്ജു ടോമി, അഡ്മിൻ മാനേജർ റിജി ഡെന്നസെൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ നൃത്തപരിപാടികൾ, പ്രസംഗം എന്നിവക്കൊപ്പം ദേശഭക്തി ഗാനങ്ങളുമായി അധ്യാപകരും വേദിയിലെത്തി.
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ 74-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യാതിഥിയായ സ്കൂൾ പ്രസിഡന്റ് ഹസ്സൻ ചൗഗുലെ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ അസ്ന നഫീസ് സംസാരിച്ചു. ദീർഘകാലമായി സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെ ആദരിച്ചു. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിന്റെ പുതിയ സംരംഭമായ ‘ആകാർ’ ആർട്ട് ഫെസ്റ്റ് -2023 ഉദ്ഘാടനം ചെയ്തു.
വിവിധ മാധ്യമങ്ങളിലും വ്യത്യസ്ത വിഷയങ്ങളിലുമായി വിദ്യാർഥികളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും 300 ഓളം കലാസൃഷ്ടികൾ ‘ആകാറി’ൽ പ്രദർശിപ്പിക്കുന്നുണ്ട്.
പോഡാർ പേൾ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് സാം മാത്യു ഇന്ത്യൻ പതാക ഉയർത്തി. തുടർന്ന് എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ‘നാനാത്വത്തിൽ ഏകത്വം’ ആണ് രാജ്യത്തിന്റെ ആത്മാവെന്ന് ഉദ്ഘോഷിക്കുന്ന, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദേശം സ്‌കൂളിൽ വായിച്ചു.
ഡയറക്‌ടർ ബോർഡ് അംഗങ്ങൾ, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അബൂ ഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 74ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. മിൻഹ ഖിറാഅത്ത് നടത്തി. പ്രിൻസിപ്പൽ പ്രമീള കണ്ണൻ സ്വാഗതം പറഞ്ഞു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഗവേണിങ് ബോർഡ് ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ ദേശീയ പതാക ഉയർത്തി.
സെക്രട്ടറി എൻ.എം. ഹാഷിം, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഗവേണിങ് ബോർഡ് കൾചറൽ-കോ കരിക്കുലർ ആക്ടിവിറ്റീസ് ഡയറക്ടർ എം.സി. മുഹമ്മദ്, ട്രാൻസ്പോർട് ഡയറക്ടർ കെ. ഫിറോസ്, ഇസ്‍ലാമിക് അഫയേഴ്സ് ഡയറക്ടർ ഫൈസൽ മായൻ എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളായ ആന്ദ്രിയ മേരി, സാറ ബ്രൈറ്റ്, ഉമൈമ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്ന വേഷ പരേഡ് ആകർഷണീയമായി. രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യങ്ങളുടെ നേർക്കാഴ്ചയായി വിവിധ പ്രദേശങ്ങളിലെ വേഷവിതാനങ്ങളുമായി വിദ്യാർഥികൾ അണിനിരന്നു. പരിപാടികൾക്ക് ഷമ നയീം അവതാരകയായി. ഫദ്‍വ നന്ദി പറഞ്ഞു. അധ്യാപകരായ നമീറും ഷഹനാസും പരിപാടികൾ ഏകോപിപ്പിച്ചു.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രസിഡന്റ് ഡോ. എം.പി. ഹസ്സൻ കുഞ്ഞി ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ്, വകുപ്പു മേധാവികൾ, ടീച്ചിങ്-നോൺ ടീച്ചിങ് സ്റ്റാഫ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ആഘോഷങ്ങളിൽ പങ്കാളികളായി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. എം.പി. ഹസ്സൻ കുഞ്ഞി ജന്മനാടിന്റെ സമാധാനവും, സാഹോദര്യവും സഹിഷ്ണുതയും ഐക്യവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ചു. പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ്, വിദ്യാർഥികളായ ലുക്മാൻ ഹകീം, സാറ താരിക് പർകാർ എന്നിവർ സംസാരിച്ചു. അഹ്മദ് മുഹമ്മദ് ഫൈസൽ സ്വാഗതവും മേരി സ്റ്റെനിക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.