മട്ടുപ്പാവിൽ പച്ചക്കറി കൃഷി; മാതൃകയായി പൊഡാർ സ്കൂൾ
text_fieldsദോഹ: അക്കാദമിക് മേഖലയിലെ മികവിനൊപ്പം കാർഷിക പ്രവൃത്തി പരിചയവുമായും ഖത്തറിലെ പ്രമുഖ ഇന്ത്യൻ കാലാലയമായ പൊഡാർ പേൾ സ്കൂൾ ശ്രദ്ധേയമാവുന്നു.
മെഷാഫിലെ കാമ്പസിൽ സ്കൂൾ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ പച്ചക്കറി തോട്ടമൊരുക്കിയാണ് അധികൃതർ പുതിയ മാതൃക സൃഷ്ടിച്ചത്. സ്കൂൾ ഭരണ സമിതി പ്രസിഡന്റ് നിസാറിന്റെ മാർഗനിർദേശങ്ങളുമായി സ്കൂൾ ഹോർട്ടികൾചർ ക്ലബിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. സ്കൂളിലെ റീസൈക്കിൾ വെള്ളവും ജൈവ വളങ്ങളും ഉപയോഗിച്ചാണ് കൃഷി ചെയ്തത്. പരിസ്ഥിതി അവബോധവും സുസ്ഥിര കാർഷിക രീതിയും പുതുതലമുറയിലേക്ക് പകർന്നു നൽകുകയാണ് സ്കൂൾ മാനേജ്മെന്റ്.
പ്രിൻസിപ്പൽ ഡോ. മനേഷ് മംഗൽ, പ്രസിഡന്റ് നിസാർ, ഡയറക്ടർ ഡോ. സ്റ്റെഫി എന്നിവർ ചേർന്ന് വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. സുസ്ഥിര കാർഷിക രീതികളുടെ പരിശീലനവും കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പാഠങ്ങൾ തലമുറകളിലേക്ക് പകരുകയെന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു കൃഷി ആരംഭിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. മനേഷ് മംഗൽ പറഞ്ഞു. റീസൈക്കിൾ ചെയ്ത വെള്ളവും ജൈവവളവും ഉപയോഗിച്ച് കൃഷി ചെയ്യുന്നതിലൂടെ എങ്ങനെ മാലിന്യത്തിന്റെ അളവ് കുറച്ച്, കാര്യക്ഷമത വർധിപ്പിക്കാമെന്ന് പരിശീലിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ പ്രായത്തിൽ കുട്ടികളിൽ ശുചിയായ ഭക്ഷണശീലവും ആരോഗ്യകരമായ പോഷകാഹാരം സംബന്ധിച്ചും അവബോധം നൽകുകയാണ് ഈ ആശയത്തിനു പിന്നിലെന്ന് ഡയറക്ടർ ഡോ. സ്റ്റെഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.