വാഹന ചാർജിങ് പോയന്‍റുകൾ അരികിലേക്ക്
text_fieldsദോഹ: പൊതു ഗതാഗത സംവിധാനങ്ങൾക്കു പിന്നാലെ, സ്വകാര്യ വാഹന ഗതാഗതവും വൈദ്യുതീകരിക്കുന്നതിന്‍റെ ഭാഗമായി നിർണായക ചുവടുവെപ്പുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ).
ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിൽ വൈദ്യുതി കണക്ഷനു വേണ്ടി അപേക്ഷിക്കുന്നതിനുള്ള ഇ-സേവനം കഹ്റമക്കു കീഴിൽ തുടക്കമായി. തർശീദ് (നാഷനൽ പ്രോഗ്രാം ഫോർ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി) സംരംഭമാണ് പുതിയ ഇലക്ട്രിക് സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ, ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായി ഉപഭോക്താക്കൾക്ക് അപേക്ഷ സമർപ്പിച്ചു തുടങ്ങാം. വൈദ്യുതി വാഹനം ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ സ്ഥലങ്ങളിൽ തന്നെ ചാർജിങ് പോയന്‍റിനായി കഹ്റമ വെബ്സൈറ്റായ km.qa യിലെ തർഷീദ് സംവിധാനം വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിലെ സബ്സ്ൈക്രബർ സർവിസസ് സെക്ഷനിലെ കെ.എം.എസ്.പി വഴിയാണ് സമീപിക്കേണ്ടത്. പുതിയ കണക്ഷനും, അധിക മീറ്ററിനുമായി കഹ്റമയുടെ വെബ്സൈറ്റിൽ സർവിസ് കണക്ഷൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
രണ്ടു വിഭാഗങ്ങളിലായാണ് ഇലക്ടിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. സർക്കാർ അധീനതയിലുള്ള കെട്ടിടങ്ങളും, പൊതു സ്ഥലങ്ങളുമായി ഒരു വിഭാഗവും, മാൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന രണ്ടാം വിഭാഗവും. അതിവേഗ ചാർജിങ് ലഭ്യമാക്കുന്ന 'ഡി.സി' കണക്ഷനാവും ഇവിടെ ഒരുക്കുക. എന്നാൽ, താമസ മേഖലകളിലേക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാവും. 11 കിലോ വാട്സിൽ കൂടാതെ, എ.സി കണക്ഷൻ പോയന്‍റുകളാവും ഇവിടെ നൽകുന്നത്.
സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏറ്റവും പ്രധാന ചുവടുവെപ്പാണ് പുതിയ ഇലക്ട്രിക്കൽ സർവിസെന്ന് കൺസർവേഷൻ ആൻഡ്എനർജി എഫിഷ്യൻസി വിഭാഗം ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്കായി ഇതുവരെ 25 ചാർജിങ് സ്റ്റേഷനുകൾ കഹ്റമ സ്ഥാപിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പിന് മുമ്പ് വിവിധ സ്ഥലങ്ങളിലായി 100 ചാർജിങ് സ്റ്റേഷനുകൾ പൂർത്തിയാക്കാനാണ് തർശീദ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2050ഓടെ കാർബൺ ബഹിർഗമനം തീരെ കുറക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളുമായാണ് കഹ്റമ രംഗത്തുള്ളത്. സ്മാർട്ട് ഗ്രിഡ്, ഗതാഗത സംവിധാനങ്ങൾ വൈദ്യുതീകരിക്കൽ തുടങ്ങിയ സുസ്ഥിര പദ്ധതികളുടെ തുടർച്ചയാണ് ചാർജിങ് സ്റ്റേഷനുകളിൽ വൈദ്യുതിയെത്തിക്കാനുള്ള പദ്ധതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.