വാഹനങ്ങൾ ഒഴുകിത്തുടങ്ങി; തിരക്കിലലിഞ്ഞ് ദോഹ കോർണിഷ്
text_fieldsദോഹ: നവംബർ ഒന്നിന് തുടങ്ങി 55 ദിവസത്തെ ഗതാഗത വിലക്കിനുശേഷം ദോഹ കോർണിഷ് വീണ്ടും വാഹനങ്ങളുടെ സ്വന്തം ഇടമായി മാറി. ഇലക്ട്രിക് സ്കൂട്ടർ മുതൽ ഇരുചക്ര വാഹനങ്ങളും കാറുംവരെ എല്ലാതരം വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി സമ്പൂർണമായി കാൽനടക്കാർക്കായി തുറന്നുനൽകിയ ദോഹ കോർണിഷിൽ ഞായറാഴ്ച മുതൽ പൂർണമായും വാഹനയാത്ര അനുവദിച്ചു. റാസ് അബൂഅബൂദ് ഇൻറർസെക്ഷൻ മുതൽ ഷെറാട്ടൺ വരെയുള്ള പാതകളാണ് ഞായറാഴ്ചയോടെ ഇരു ദിശകളിലേക്കുമായി തുറന്നുനൽകിയത്. ദോഹയുടെ ഗതാഗതത്തിൽ നട്ടെല്ലായ കോർണിഷ് തുറന്നതിനു പിന്നാലെ തിരക്കുമായി.
ലോകകപ്പ് ഫുട്ബാൾ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം എന്നനിലയിലാണ് നവംബർ ഒന്ന് മുതൽ കോർണിഷ് പൂർണമായും അടച്ചത്. റാസ് അബൂഅബൂദ് ഇൻറർസെക്ഷൻ മുതൽ ഷെറാട്ടൺ വരെ ആറ് കിലോമീറ്റർ പാത അലങ്കാരങ്ങളോടെ പൂർണമായും ആഘോഷങ്ങളുടെ കേന്ദ്രമായി മാറി. സൂഖ് വാഖിഫ്, ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ പാർക്ക്, കൗണ്ട് ഡൗൺ േക്ലാക്ക് എന്നിവയുമായി ബന്ധപ്പെട്ട് ദോഹ കോർണിഷ് ലോകകപ്പിനെത്തിയ ആരാധകരുടെ പ്രധാന സംഗമകേന്ദ്രം കൂടിയായിരുന്നു.
നവംബർ ഒന്നു മുതൽ വാഹനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയെങ്കിലും കളി തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് മാത്രമായിരുന്നു കോർണിഷിൽ രാവും പകലും തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധക സംഘങ്ങൾ രാത്രിയും വൈകീട്ടുമായി തങ്ങളുടെ ടീമുകൾക്ക് പിന്തുണയുമായി കോർണിഷിൽ ഒത്തുചേർന്ന് നഗര ഹൃദയത്തെ അവിസ്മരണീയമാക്കി.
അവരെയെല്ലാം സ്വാഗതം ചെയ്യുന്ന രീതിയിലായിരുന്നു കോർണിഷ് അലങ്കരിക്കപ്പെട്ടത്. വർണവെളിച്ചം വിതറിയ തെരുവുകളും ദേശീയ പതാകകളും വിവിധ രാജ്യങ്ങളുടെ പേരുകളും കട്ടൗട്ടായി ഉയർന്നുനിന്നു. ഭക്ഷ്യമേളകൾ, വിനോദ പരിപാടികൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ, ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനം എന്നിവയുമായി രാത്രി പുലരുന്നതുവരെ കോർണിഷ് സജീവമായിരുന്നു.
സ്വകാര്യ, പൊതു വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ ദോഹ മെേട്രാ വഴിയും ഉബർ ഉൾപ്പെടെയുള്ള വാഹനമാർഗവുമായിരുന്നു സന്ദർശകർ കോർണിഷിലെത്തിയത്. ഡിസംബർ 18ന് ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ, അടുത്ത ദിവസം കോർണിഷിൽ ഒരു വശത്തേക്കുള്ള ഗതാഗതം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.