ഖുർആൻ പഠനത്തിന് 'വെളിച്ചം ആപ്'
text_fieldsദോഹ: ഖുർആൻ പഠനം മൊബൈൽ ഫോണിലൂടെ ലോകത്തിന്‍റെ ഏത് കോണിലിരുന്നും വ്യവസ്ഥാപിത സിലബസ് അടിസ്ഥാനത്തിൽ നടത്താവുന്ന പദ്ധതിയുമായി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ. വെളിച്ചം സമ്പൂർണ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 'വെളിച്ചം മൊബൈൽ ആപ്' ലോഞ്ചിങ് ഫെബ്രുവരി 18ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ വഴി നടക്കുന്ന ചടങ്ങിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സി.പി. ഉമർ സുല്ലമി 'വെളിച്ചം മൊബൈൽ ആപ്' പുറത്തിറക്കും. ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുനവ്വർ അലി ശിഹാബ് തങ്ങൾ, ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഖുർആൻ പണ്ഡിതൻ ഹാഫിസ് അനസ് മൗലവി കണ്ണൂർ, പത്മശ്രീ കെ.വി റാബിയ, ഡോ. അനിൽ മുഹമ്മദ്, പ്രഫ. കെ.പി. സകരിയ ഫാറൂഖി, എം.ടി. മനാഫ് മാസ്റ്റർ, ഡോ. അൻവർ സാദത്ത് തുടങ്ങിയവർ സംസാരിക്കും. പ്രഫ. ഇസ്മായിൽ കരിയാട് പ്രഭാഷണം നടത്തും.
അഞ്ചുവർഷം കൊണ്ട് വി. ഖുർആൻ പൂർണമായും പഠിക്കാവുന്ന രീതിയിലുള്ള മൊഡ്യൂൾ അടിസ്ഥാനമാക്കിയാണ് സിലബസെന്ന് സംഘാടകർ അറിയിച്ചു. 30 ഭാഗമുള്ള കോഴ്സ് ഓരോ ഭാഗവും പഠിച്ചുകഴിയുമ്പോഴും പഠിച്ച പാഠഭാഗങ്ങൾ പരിശോധിച്ച് എഴുതാവുന്ന തരത്തിൽ വ്യവസ്ഥാപിതമായ മൂല്യനിർണയം, പഠിതാക്കൾക്ക് സൗകര്യത്തിനനുസരിച്ച് പാഠഭാഗങ്ങൾ പിന്തുടരാനും പരീക്ഷക്കുമുള്ള സൗകര്യം എന്നിവയാണ് ആപ്പിന്‍റെ പ്രത്യേകത. 2011ൽ ആരംഭിച്ച വെളിച്ചം പദ്ധതി 10 വർഷം പിന്നിട്ട വേളയിലാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കൂടി ഭാഗമായി കൂടുതൽ വികസിപ്പിക്കുന്നതെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ വൈസ് പ്രസിഡന്‍റ് കെ.എൻ. സുലൈമാൻ മദനി പറഞ്ഞു. വാർത്തസമ്മേളനത്തിൽ വെളിച്ചം പദ്ധതി ചെയർമാൻ സിറാജ് ഇരിട്ടി, ചീഫ് കോഓഡിനേറ്റർ മുജീബ് കുനിയിൽ, സിലബസ് കൺവീനർ മുജീബുർറഹ്മാൻ മദനി, വെളിച്ചം ആപ് കോഓഡിനേറ്റർ ഡോ. റസീൽ മൊയ്തീൻ, ഖത്തർ ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി ഷമീർ വലിയ വീട്ടിൽ, സെക്രട്ടറി ശാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.