ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം ജൂണിൽ
text_fieldsദോഹ: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഔദ്യോഗിക സന്ദർശനത്തിനായി ജൂൺ ആദ്യവാരം ഖത്തറിലെത്തും. വിവിധ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്‍റെ ഭാഗമായാണ് ഉപരാഷ്ട്രപതിയുടെ ദോഹ സന്ദർശനം. ഗാബോൺ, സെനഗാൾ ഉൾപ്പെടെയുള്ള പര്യടനത്തിനായി മേയ് 30ന് ഉപരാഷ്ട്രപതിയും സംഘവും ഡൽഹിയിൽ നിന്നും യാത്ര തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് മൂന്ന് രാജ്യങ്ങളും ഔദ്യോഗിക പദവിയിൽ അദ്ദേഹം സന്ദർശിക്കുന്നത്.
ജൂൺ നാലിനാണ് സംഘം ഖത്തറിലെത്തുന്നത്. തുടർന്ന് ജൂൺ ഏഴ് വരെ വിവിധ ഔദ്യോഗിക ചടങ്ങുകളിൽ സംബന്ധിക്കും. ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയുമായി കൂടികാഴ്ച നടത്തും. ഖത്തറിലെ ഇന്ത്യൻ വ്യാപാര പ്രമുഖരുമായി വട്ടമേശ സമ്മേളനത്തിലും, വിവിധ ഉന്നത വ്യക്തികളുമായും ചർച്ച നടത്തും.
സന്ദർശനത്തിന്‍റെ ഭാഗമായി ഉപരാഷ്ട്ര പതിക്ക് ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണവും ഒരുക്കും. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവിൺ പവാർ, പാർലമെന്‍റ് അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ് പാൽ സിങ് തോമർ, പി. രവീന്ദ്രനാഥ് എന്നിവരും സംഘത്തിലുണ്ട്.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമായ ഇന്ത്യക്കാരുടെ വിവിധ കുട്ടായ്മകളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടികാഴ്ച നടത്തും. ഇന്ത്യ -ഖത്തർ നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി അടുത്ത വർഷം ആഘോഷിക്കാനിരിക്കെയാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.