നിയമലംഘനം; ഏഴ് ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ നടപടി
text_fieldsആരോഗ്യ മന്ത്രാലയം
ദോഹ: നിയമലംഘനം നടത്തിയ ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രണ്ട് സ്വകാര്യ ദന്താശുപത്രികൾ ഉൾപ്പെടെ ഏഴ് ആരോഗ്യ കേന്ദ്രങ്ങളാണ് മന്ത്രാലയം പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനു പിന്നാലെ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
ആവശ്യമായ പ്രഫഷനൽ ലൈസൻസ് ഇല്ലാത്ത ഡോക്ടർമാരെ ഉപയോഗിച്ച് സേവനം നൽകിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. പ്രഫഷനൽ ലൈസൻസിൽ അനുവദിക്കാത്ത സ്പെഷലൈസ്ഡ് സേവനങ്ങൾ നൽകുന്നത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ഡെന്റൽ ക്ലിനിക്കിനെതിരെയും നടപടി സ്വീകരിച്ചു. സ്വകാര്യ ന്യൂട്രീഷൻ സെന്ററും നിയമലംഘനത്തിന് കുരുക്കിലായവയിൽ പെടുന്നു.
ഇതിനു പുറമെയാണ് നാല് സ്വകാര്യ ഹെൽത്ത് കെയർ സെന്ററുകളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. പ്രഫഷനൽ ലൈസൻസ് ഇല്ലാത്തതും, ലൈസൻസിൽ നിർദേശിച്ചതിന് പുറമെയുള്ള സേവനങ്ങൾ നൽകുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി. നിയമലംഘനം നടത്തിയ ഡോക്ടറുടെ പ്രഫഷനൽ ലൈസൻസ് റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ നിയമ നടപടിയും സ്വീകരിച്ചു.
രാജ്യത്തെ ആരോഗ്യ സേവനങ്ങളിൽ ഉയർന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.