നിയമലംഘനം; ഖത്തറിൽ 23 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
text_fieldsദോഹ: തൊഴിലാളി റിക്രൂട്ട്മെന്റ് ചട്ടം ലംഘിച്ച രാജ്യത്തെ 23 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ഇവരുടെ ലൈസൻസ് റദ്ദാക്കി, സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. ഉപഭോക്തൃ പരാതികളോട് പ്രതികരിക്കാത്തതിനും വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് ലൈസൻസ് നൽകുന്നതിൽ ചട്ടലംഘനം കാണിച്ചതിനുമാണ് നടപടി. തൊഴിലുടമകളുടെയും ഗാർഹിക തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനം നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും റിക്രൂട്ട്മെന്റ് ഓഫിസുകളിലെ നടപടിക്രമങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിന്റെയും തുടർച്ചയായാണ് നടപടി.
അൽ നസർ റിക്രൂട്ട്മെന്റ് ഏജൻസി, അൽ ഷുയൂഖ് മാൻപവർ, അൽ മീർ മാൻപവർ, ഫ്രണ്ട്സ് മാൻ പവർ റിക്രൂട്ട്മെന്റ്, ഓൺ പോയന്റ് സൊലൂഷൻ, യൂറോടെക് മാൻ പവർ റിക്രൂട്ട്മെന്റ്, റീജൻസി മാൻപവർ റിക്രൂട്ട്മെന്റ്, ടോപ് യൂണിഖ് മാൻപവർ, അൽ വാദ് മാൻപവർ റിക്രൂട്ട്മെന്റ്, അൽ റഷാദ് മാൻ പവർ, അൽ ഷരിഫ് മാൻപവർ, അൽ ബറാക, ഏഷ്യൻ ഗൾഫ്, വൈറ്റ് മാൻപവർ, ദാന ദോഹ, അൽ നൗഫ് സർവിസ്, റോയൽ മാൻപവർ, അൽ വജ്ബ, പ്രോഗ്രസിവ്, ഏർത് സ്മാർട്ട് ഹ്യൂമൻ റിസോഴ്സ് കമ്പനി, ഇറാം മാൻ പവർ, അൽ സഫ്സ, അൽ വാബ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവയുടെ ലൈസൻസ് റദ്ദാക്കുകയും പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിലാണ്. പരിശോധന പരിപാടികളും ഇവിടെ നടത്തുന്നുണ്ട്. പുതിയ നിബന്ധനകളോടെയുള്ള തൊഴിൽ കരാറുകൾ ഉപയോഗിക്കുന്നു, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് പരമാവധി ഫീസ് തുടങ്ങിയ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് പരിശോധനയിൽ ഉറപ്പാക്കുന്നുണ്ട്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികൾ 40288101 നമ്പറിൽ ബോധിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.