നിയമലംഘനം; ഭക്ഷണശാലകളിലെ പഴം, പച്ചക്കറി വിഭാഗം പൂട്ടി
text_fieldsദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഹസം അൽ മർഖിയ, ലുസൈൽ, ഓൾഡ് എയർപോർട്ട് എന്നിവിടങ്ങളിൽ മൂന്ന് ഭക്ഷണശാലകളിലെ പച്ചക്കറി, പഴം വിഭാഗം അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ചില ഉൽപന്നങ്ങളെത്തിയത് ഏതു രാജ്യത്തുനിന്നാണെന്നത് മാറ്റി തെറ്റായ വിവരം ചേർത്തു. അതോടൊപ്പം, ഉയർന്ന വിലയ്ക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഇടകലർത്തി വിൽപന നടത്തി. ഇവയെല്ലാം ഉപഭോക്താക്കളുടെ അവകാശങ്ങളിന്മേലുള്ള ലംഘനമായി കണക്കാക്കിയാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരി ഏഴുമുതൽ ഒമ്പതുവരെ ഓരോ ഔട്ട്ലെറ്റും മൂന്നുദിവസം അടച്ചുപൂട്ടിയിടാനാണ് നിർദേശം നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വിപണികളും വാണിജ്യ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം നടത്തുന്ന കടുത്ത പരിശോധന കാമ്പയിനുകളുടെ ഭാഗമായാണ് നടപടി. വില നിയന്ത്രിക്കുന്നതിനൊപ്പം, ദുരുപയോഗങ്ങളും വഞ്ചനയും വ്യാജവും ഗുണവും അളവും കുറഞ്ഞ സാധനങ്ങൾ കണ്ടെത്താനും കാമ്പയിൻ വഴി ലക്ഷ്യമിടുന്നുവെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച നിയമത്തിലും അതിന്റെ എക്സിക്യൂട്ടിവ് ബൈലോയിലും അനുശാസിക്കുന്ന നിബന്ധന ലംഘിക്കുന്ന തരത്തിലുള്ള അനാസ്ഥകളോട് ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നിയന്ത്രിക്കുന്നതിനും നിയമലംഘകരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്ത് ഉചിതമായ നടപടികൾ കൈക്കൊള്ളാനും പരിശോധന കാമ്പയിനുകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.