നിയമലംഘനം; ആരോഗ്യകേന്ദ്രം പൂട്ടി
text_fieldsദോഹ: അനധികൃതമായി പ്രവർത്തിച്ച സ്വകാര്യ ആരോഗ്യ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ആവശ്യമായ പ്രഫഷനൽ ലൈസൻസ് ഇല്ലാത്ത ജീവനക്കാർ, അംഗീകാരമില്ലാത്ത തൊഴിലുടമ തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ട ഹെൽത്ത് സർവിസ് ഏജൻസി അടച്ചു പൂട്ടിയതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തെ പൊതുജനാരോഗ്യ മേഖല കുറ്റമറ്റതാക്കി മാറ്റുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. സ്ഥാപനത്തിൽ പ്രവർത്തിച്ച അഞ്ചു നഴ്സുമാർ, മൂന്ന് ഫിസിയോ തെറപ്പിസ്റ്റ് എന്നിവർ നിയമലംഘനം നടത്തിയതായും കണ്ടെത്തി.
ആവശ്യമായ പ്രഫഷണൽ ലൈസൻസ് ഇല്ലാതെ പ്രാക്ടിസ് ചെയ്യുക, അനധികൃത തൊഴിലുടമകൾക്ക് വേണ്ടി പ്രവർത്തിക്കുക, അംഗീകൃത ലൈസൻസുകളുടെ പരിധിക്കപ്പുറമുള്ള ജോലികൾ ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. രാജ്യത്തെ തൊഴിൽ, ആരോഗ്യ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇവരുടേതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുറ്റക്കാരായ ആരോഗ്യ പ്രവർത്തകരുടെ പ്രഫഷനൽ ലൈസൻസ് മന്ത്രാലയം റദ്ദാക്കുകയും ഇവർക്കെതിരെയും സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറുകയും ചെയ്തു.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ യോഗ്യതയും, ലൈസൻസും സംബന്ധിച്ച് മന്ത്രാലയം പരിശോധന ശക്തമാണെന്ന് മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വ്യാജരേഖ ചമച്ച് പ്രഫഷനൽ ലൈസൻസ് തരപ്പെടുത്തി ജോലിക്ക് കയറാൻ ശ്രമിച്ച 83പേർക്കെതിരെ 2022, 2023 വർഷങ്ങളിലായി നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിൽ ലൈസൻസില്ലാത്ത നഴ്സുമാർ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സ്വകാര്യ ക്ലിനിക്കിനെതിരെയും നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.