ശൈത്യകാല ക്യാമ്പിങ് നിയമലംഘനം: 13 ക്യാമ്പുകൾക്കെതിരെ നടപടി
text_fieldsദോഹ: തണുപ്പുകാലമെത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശൈത്യകാല ക്യാമ്പുകൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ പരിശോധനയും സജീവമാക്കി പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം. നവംബർ ഒന്നു മുതൽ രണ്ടാഴ്ചക്കുള്ളിലായി നിയമലംഘനം നടത്തിയ 13 ക്യാമ്പുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
ക്യാമ്പുകളുടെ യഥാർഥ ഉടമകൾ മറ്റുള്ളവർക്ക് വാടകക്ക് നൽകിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വിഭാഗം അസി. ഡയറക്ടറും ശൈത്യകാല ക്യാമ്പിങ് സീസൺ മേധാവിയുമായ ഫവാസ് അൽ ഷംരി പറഞ്ഞു. ലഖ്വിയ, പരിസ്ഥിതി സംരക്ഷണ വിഭാഗം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. ക്യാമ്പുകൾക്കായി നിർദേശിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പുകളുടെ ഉടമകൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് പാട്ടത്തിനു നൽകുന്നത് അറിയിച്ച് പരസ്യം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിക്കുകയും ക്യാമ്പുകൾ നീക്കം ചെയ്യുകയും ചെയ്തത്. ഇത്തരം സാഹചര്യങ്ങളിൽ ടെന്റുകളും കാബിനുകളും മറ്റ് ക്യാമ്പിങ് ഉപകരണങ്ങളും മുൻകൂർ അറിയിപ്പ് കൂടാതെ കണ്ടുകെട്ടും. ഭൂരിഭാഗം ക്യാമ്പംഗങ്ങളും ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, ക്യാമ്പിങ് മേഖലകളിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി സന്ദർശിച്ചു. വടക്കൻ, സെൻട്രൽ, തെക്കൻ മേഖലകളിലെ ക്യാമ്പിങ് ഏരിയകളാണ് മന്ത്രിയും സംഘവും വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.