നിയമലംഘനം: കമ്പനികൾക്ക് പിഴ ഇളവ്
text_fieldsദോഹ: ഡിസംബർ 31 വരെയുള്ള ഗ്രേസ്പിരീഡ് കാലയളവ് ഉപയോഗപ്പെടുത്താൻ കമ്പനികൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഖത്തറിലെ എന്‍ട്രി, എക്സിറ്റ് നിയമവ്യവസ്ഥകള്‍ ലംഘിച്ച തൊഴിലാളികളുടെ സ്റ്റാറ്റസ് നിശ്ചിത കാലാവധിക്കുള്ളിൽ നിയമവിധേയമാക്കുകയാണെങ്കിൽ പിഴത്തുകയിൽ 50 ശതമാനംവരെ ഇളവ് ലഭിക്കുമെന്ന് യൂനിഫൈഡ് സർവിസസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ അൻസാരി പറഞ്ഞു. തൊഴിലാളികളുടെ താമസ അനുമതിരേഖ പുതുക്കാത്തതും നടപടികൾ പൂർത്തിയാക്കാത്തതുമായ കമ്പനികൾ ഈ ആനുകൂല്യം ഉപയോഗിക്കുേമ്പാഴാണ് പിഴയിൽ 50 ശതമാനംവരെ ഇളവ് നൽകുക.
ഒക്ടോബർ 10 മുതലാണ് ഖത്തറിൽ ഗ്രേസ് പീരിയഡ് ആരംഭിച്ചത്. ഡിസംബർ 31 വരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ സെർച് ആൻഡ് ഫോളോഅപ് കേന്ദ്രത്തിലോ, ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ ഏരിയ), മിസൈമീര്‍, അല്‍ വക്റ, അല്‍ റയ്യാന്‍ എന്നിവടങ്ങളിലെ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകി പ്രവാസികൾക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാമെന്ന് മന്ത്രാലയം അറിയിച്ചു. എൻട്രി, എക്സിറ്റ് നിയമം ലംഘിച്ച തൊഴിലാളികളും തൊഴിൽ ഉടമകളും പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതേസമയം, നിയമ വ്യവസ്ഥകളും നടപടിക്രമങ്ങളുടെ സ്വഭാവവും പരിഗണിച്ചായിരിക്കും പിഴത്തുകയുടെ ഇളവുകൾ തീരുമാനിക്കുന്നത്.താമസാനുമതി രേഖ പുതുക്കാത്തവർ, തൊഴിൽ വിസ ചട്ടങ്ങൾ ലംഘിച്ചവർ, കുടുംബവിസ ചട്ടങ്ങൾ ലംഘിച്ചവർ തുടങ്ങി എല്ലാ വിഭാഗം ആളുകൾക്കും ഗ്രേസ്പിരീഡ് കാലാവധി ഉപയോഗപ്പെടുത്താമെന്ന് ബ്രിഗേഡിയർ അബ്ദുല്ല അൽ അൻസാരി പറഞ്ഞു. മന്ത്രാലയം നിർദേശിച്ച കേന്ദ്രങ്ങളിൽ ഞായറാഴ്ച മുതൽ വ്യാഴംവരെ ഉച്ച ഒന്നു മുതൽ ആറുവരെയാണ് ഓഫിസുകളുടെ പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.