നിയമലംഘനങ്ങൾ ഇനി മെട്രാഷിലൂടെയും റിപ്പോർട്ട് ചെയ്യാം
text_fieldsദോഹ: സ്വദേശികൾക്കും താമസക്കാർക്കും ഇനി മുതൽ നിയമലംഘനങ്ങൾ ആഭ്യന്തര മന്ത്രാലയം ആപ്ലിക്കേഷനായ മെട്രാഷിലൂടെ റിപ്പോർട്ട് ചെയ്യാനുള്ള സേവനം നിലവിൽ വന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ, നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുക, നിരോധിത വസ്തുക്കൾ കൈവശം വെക്കുക, പൊതു സൗകര്യങ്ങൾ നശിപ്പിക്കുക, താമസക്കാരെ അപകടത്തിലാക്കുക എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നത്.
മെട്രാഷിലെ കമ്യൂണിറ്റി പൊലീസ് വിൻഡോയിലെ സുരക്ഷ സേവനങ്ങൾ വഴിയാണ് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഇ-സേവനം ലോഞ്ച് ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ സുരക്ഷ കൈവരിക്കുന്നതിനും സുരക്ഷ നടപടികളിൽ സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനങ്ങളെന്നും കമ്യൂണിറ്റി പൊലീസ് വിൻഡോയിൽ സേവനം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
ഉപേക്ഷിക്കപ്പെട്ട കെട്ടിടം, ചട്ടങ്ങളുടെ ലംഘനം, നിരോധിത വസ്തുക്കളുടെ വിൽപനയും കൈവശംവെക്കലും, സൗകര്യങ്ങൾ നശിപ്പിക്കൽ, താമസക്കാരെ അപകടത്തിലാക്കുന്ന കാര്യങ്ങൾ എന്നിവ സംബന്ധിച്ച് മെട്രാഷ് ആപ്ലിക്കേഷനിലെ കമ്മ്യൂണിറ്റി പൊലീസ് വിൻഡോയിലെ സുരക്ഷ സേവനങ്ങൾ വഴി ഉപയോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ആവശ്യമായ വിവരങ്ങൾക്കൊപ്പം ആവശ്യമായ ചിത്രങ്ങൾ പകർത്താമെന്നും വ്യക്തമാക്കിയ മന്ത്രാലയം, ഏതെങ്കിലും ഉപേക്ഷിക്കപ്പെട്ട കെട്ടിടം പൊതുസമൂഹത്തിന്റെയോ സൗകര്യങ്ങളുടെയോ സുരക്ഷക്ക് ഭീഷണിയാണെങ്കിൽ അത് പകർത്തി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അയക്കാമെന്നും കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന വെബ്സൈറ്റായ www.moi.gov.qa വഴി നിരവധി സേവനങ്ങളാണ് പൗരന്മാർക്കും താമസക്കാർക്കും കമ്പനികൾക്കും ആഭ്യന്തര മന്ത്രാലയം നൽകുന്നത്. എൻട്രി വിസ സേവനങ്ങൾ, റെഡിസൻസി സേവനങ്ങൾ, ട്രാഫിക് സേവനങ്ങൾ, ട്രാവൽ പെർമിറ്റ്, യാത്ര അറിയിപ്പ്, സുരക്ഷാ സിസ്റ്റം, എൻ.ഒ.സി തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
കൂടാതെ മന്ത്രാലയവുമായുള്ള ആശയവിനിമയ സേവനം, അന്വേഷണങ്ങളും അഭ്യർഥനകളുമുൾപ്പെടുന്ന പൊതുസേവനങ്ങൾ, സ്മാർട്ട് കാർഡ് സേവനങ്ങൾ, കമ്യൂണിറ്റി പൊലീസ് സേവനങ്ങൾ, സിവിൽ ഡിഫൻസ് സേവനങ്ങൾ മുതലായവയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും മെട്രാഷ് ആപ്പിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.