വിസരഹിത വരവ്: താഴ്ന്ന വരുമാനക്കാര്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ അവസരമൊരുങ്ങും –ഖാലിദ് സിയാറ
text_fieldsദോഹ: ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഖത്തര്‍ പ്രഖ്യാപിച്ച പുതിയ വിസ രഹിത സന്ദര്‍ശന അനുമതി രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ വിദേശികൾക്ക് താൽക്കാലികമായി കുടുംബത്തെ കൊണ്ടുവരാന്‍ അവസരമൊരുക്കുമെന്ന് വിദഗ്ധാഭിപ്രായം. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ പ്രഖ്യാപനം അനുഗ്രഹമാകുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ പറഞ്ഞു.
ഇന്ത്യയുള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസയില്ലാതെയെത്തി 30 ദിവസം മുതൽ 60 ദിവസം വരെയും 33 രാജ്യക്കാർക്ക് 90 ദിവസം വരെയും രാജ്യത്ത് തങ്ങാനുള്ള അനുമതിയാണ് ഖത്തർ അടുത്തിടെ പ്രഖ്യാപിച്ചത്. ഇൗ പരിഷ്കരണം ഖത്തറിലെ ടൂറിസം രംഗത്തിനും വ്യാപാര മേഖലയിലും മാത്രമല്ല ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന കോളമിസ്റ്റ് കൂടിയായ ഖാലിദ് സിയാറ പറഞ്ഞു. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഹൗസ് ഡ്രൈവര്‍മാര്‍ക്കും കുറഞ്ഞ വരുമാനക്കാരായ സാധാരണ പ്രവാസികള്‍ക്കും കുടുംബത്തെ താൽക്കാലികമായി കൂടെക്കൂട്ടാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഞങ്ങളുടെ വീടുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ ജോലിക്കാര്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇനി ഇവിടെയുള്ള എല്ലാ പ്രവാസി സമൂഹങ്ങള്‍ക്കും നല്ലൊരു അവസരമാണ് തുറന്ന് കിട്ടിയിരിക്കുന്നത്. സ്വദേശികളായ തൊഴിലുടമകളുടെ സഹകരണത്തോടെ രാജ്യത്തെ എല്ലാ വിഭാഗം വിദേശികള്‍ക്കും ഈ പ്രഖ്യാപനം പ്രയോജനപ്പെടുത്താനാകും. ഖത്തര്‍ നടത്തിയ പ്രഖ്യാപനം വ്യക്തമാണെന്നും ഇത് നടപ്പാക്കാന്‍ ഇനി കടമ്പകളൊന്നുമില്ലെന്നും ഖാലിദ് സിയാറ കൂട്ടിച്ചേർത്തു. രാജ്യത്ത് നടപ്പാക്കുന്ന ഇത്തരം സൃഷ്ടിപരമായ പരിഷ്കരണങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.