വിസാരഹിത ഖത്തർ യാത്ര: എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടവർക്ക് വിലക്ക് വരുന്നു
text_fieldsദോഹ: എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ ഖത്തറിലേക്കുള്ള വിസാരഹിത യാത്ര ബ്യൂറോ ഒാഫ് എമിഗ്രേഷൻ അധികൃതർ വിലക്കുന്നു. വിസാരഹിത യാത്ര (ഒാൺ അറൈവൽ വിസ) ദുരുപയോഗപ്പെടുത്തുന്ന സംഭവങ്ങൾ കൂടുന്നതിനാലാണ് ഇതെന്നാണ് എമിഗ്രേഷൻ അധികൃതരുടെ വിശദീകരണം. പത്താംക്ലാസ് വിജയിച്ചിട്ടില്ലാത്ത ആളുകളാണ് ഇ.സി.ആർ (എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേർഡ്) വിഭാഗത്തിൽ പെടുന്നത്. ഇത്തരം ആളുകളെ ഇനി ശരിയായ വിസയില്ലാതെ ഖത്തറിലേക്ക് വരാൻ അനുവദിക്കരുതെന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ബ്യൂറോ അസിസ്റ്റൻറ് ഡയറക്ടർ ഉത്തരവിട്ടു. വിദേശകാര്യമന്ത്രാലയത്തിെൻറ നിലവിലുള്ള നിയമപ്രകാരമാണ് ഇെതന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതോടെ എല്ലാ വിമാനത്താവളങ്ങളിലും വിലക്ക് ബാധകമാകും.
ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലുള്ളവർക്ക് പാസ്പോർട്ടും വിമാനടിക്കറ്റും ഉണ്ടെങ്കിൽ വിസയില്ലാതെ തന്നെ ഖത്തറിൽ എത്താമെന്ന ഇളവ് ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഖത്തർ പ്രഖ്യാപിച്ചത്. ദോഹ എയർപോർട്ടിൽ എത്തുേമ്പാൾ ഒാൺഅറൈവൽ വിസ എന്ന മുദ്ര ഇത്തരക്കാരുടെ പാസ്പോർട്ടിൽ പതിക്കുകയാണ് ചെയ്യുന്നത്. ഒരു മാസം വരെ ഇൗ വിസ ഉപയോഗിച്ച് ഖത്തറിൽ തങ്ങാം. വീണ്ടും ഒരു മാസം വരെ പുതുക്കുകയും ചെയ്യാം. ഇതിനകം ആയിരക്കണക്കിന് മലയാളികളാണ് ഇൗ ആനുകൂല്യം ഉപയോഗപ്പെടുത്തി ഖത്തറിൽ എത്തിയത്.
എന്നാൽ വിസാരഹിത യാത്ര ദുരുപയോഗപ്പെടുത്തി ചില രേഖകൾ കാണിച്ച് തൊഴിൽ വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച്് ഏജൻറുമാർ പണം വാങ്ങി ആളുകളെ ഖത്തറിലേക്കയക്കുന്ന സംഭവങ്ങൾ കൂടുന്നുണ്ട്. മലയാളികളടക്കമുള്ളവർ ഖത്തറിൽ കുടുങ്ങിയിട്ടുമുണ്ട്. ഉത്തരേന്ത്യയിലെ ഏജൻറുമാർ വിദ്യാഭ്യാസമില്ലാത്തവരെ ഇത്തരത്തിൽ വഞ്ചിക്കുന്ന സംഭവങ്ങൾ പതിവാണെന്നും ഹൈദരാബാദ് വിമാനത്താവളം വഴി നിരവധി പേരാണ് ഖത്തറിൽ എത്തി വഞ്ചിക്കപ്പെട്ടതെന്നും എമിഗ്രേഷൻ വിഭാഗത്തിലുള്ളവർ പറയുന്നു. ഇതിനാലാണ് വിസാരഹിത യാത്രയിൽ നിന്ന് ഇ.സി.ആർ വിഭാഗക്കാരെ വിലക്കണമെന്ന ഉത്തരവുണ്ടായിരിക്കുന്നത്. അതേ സമയം, ഇ.സി.എൻ.ആർ(എമിഗ്രേഷൻ ക്ലിയറൻസ് നോട്ട് റിക്വയേർഡ്) വിഭാഗക്കാർക്ക് വിലക്കില്ല.
പുതിയ ഉത്തരവിൽ മലയാളികളാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. വിസാരഹിതയാത്ര ഉപയോഗപ്പെടുത്തി ചെറിയ വരുമാനക്കാരായ നിരവധി മലയാളികൾ തങ്ങളുെട പ്രായമായ മാതാപിതാക്കളെ ഖത്തറിൽ എത്തിക്കുന്നുണ്ട്. ഇതിൽ മിക്കവരും ഇ.സി.ആർ വിഭാഗത്തിൽപെടുന്നവരായിരിക്കും. ദുരുപയോഗം തടയുന്ന നടപടിയുടെ പേരിൽ അർഹരായവരുടെ യാത്രമുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇത് മലയാളികളെയാണ് ഏറെ ബാധിക്കുകയെന്ന് പ്രവാസി സാമൂഹികപ്രവർത്തകൻ അബ്ദുൽ റഉൗഫ് കൊണ്ടോട്ടി പറയുന്നു. ഇ.സി.ആർ വിഭാഗത്തിൽ പെട്ട ഇന്ത്യക്കാർക്ക് ഖത്തർ അടക്കമുള്ള 18 രാജ്യങ്ങളിലേക്ക് ജോലി ആവശ്യാർത്ഥമല്ലാത്ത യാത്രക്ക് നിയമപ്രകാരമുള്ള വിസിറ്റ് വിസയും മടക്കയാത്രക്കുള്ള വിമാനടിക്കറ്റും വേണം. 2007 ഒക്ടോബർ ഒന്നുമുതലുള്ള നിയമമാണ് ഇത്. തൊഴിൽ വിസയാണെങ്കിൽ ഇ.സി.ആർ വിഭാഗക്കാർക്ക് പി.ഒ.ഇയിൽ നിന്ന് (പ്രൊട്ടക്ടർ ഒാഫ് എമിഗ്രേഷൻ മൈഗ്രൻറ്സ്) ക്ലിയറൻസ് ലഭിക്കണം. ഇൗ നിയമമനുസരിച്ചാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.