ഫ്രീസോണിൽ വിസ സേവന ഓഫിസ്
text_fieldsദോഹ: ഖത്തറിലെ പ്രധാന സാമ്പത്തിക മേഖലയായ ഖത്തർ ഫ്രീസോണിൽ വിസ സേവന ഓഫിസ് തുറന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്. ഫ്രീ സോൺസ് അതോറിറ്റിയുമായി സഹകരിച്ചാണ് റാസ് ബു ഫന്താസ് ഫ്രീ സോണിൽ വിസ സേവന ഓഫിസ് പ്രവർത്തനമാരംഭിച്ചത്. ഫ്രീ സോണുകളിലെ ബിസിനസ് സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ സർവിസ് സെന്റർ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.
താമസാനുമതി പുതുക്കൽ, തിരിച്ചറിയൽ കാർഡ് അനുവദിക്കൽ, തൊഴിൽ വിസകൾ, ഫാമിലി വിസിറ്റ് വിസകൾ, മൾട്ടി എൻട്രി വിസകൾ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ ലഭിക്കാനുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ സേവന ഓഫിസ്.
ഫ്രീസോൺ സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ ആൽഥാനി, പാസ്പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ ആതിഖ് അൽ ദോസരി എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ച ഒരു മണിവരെയായിരിക്കും ഓഫിസിന്റെ പ്രവൃത്തി സമയം.
600ഓളം കമ്പനികൾ പ്രവൃത്തിക്കുന്ന ഫ്രീസോണിലെ ബിസിനസ് സമൂഹത്തിന്റെ എമിഗ്രേഷൻ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും എളുപ്പമാക്കുന്നതിനും പുതിയ ഓഫിസ് ഉപകരിക്കും. ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ നൂതന മെഷീനുകളും സേവനങ്ങളും ഉൾകൊള്ളിച്ചാണ് ഓഫിസ് സജ്ജീകരിച്ചത്.
ഖത്തർ ഫ്രീസോണിലേക്ക് കൂടുതൽ നിക്ഷേപകരെയും കമ്പനികളെയും ആകർഷിക്കുന്നതിന്റെ ഭാഗമാണ് വിസ ഓഫിസ് തുറക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.