തണുപ്പിൽ ആഘോഷമൊരുക്കി സീലൈനും
text_fieldsദോഹ: രാവിലും പകലിലും കിടുകിടാ വിറക്കുന്ന തണുപ്പിനിടെ, സീലൈൻ കടൽതീരത്ത് കിടിലൻ വിനോദ സഞ്ചാരവിരുന്നുമായി വിസിറ്റ് ഖത്തർ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നിന്റെയും ആവേശമേറിയ കലാ പ്രകടനങ്ങളുമായി പ്രഥമ സീലൈൻ സീസൺ ജനുവരി മൂന്നിന് കൊടിയേറും. കായിക യുവജനകാര്യ മന്ത്രാലയം, ഖത്തർ സ്പോർട്സ് ഫോർ ഓൾ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടങ്ങിയ പങ്കാളികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന സീലൈൻ ബീച്ചിലെ ഉത്സവഗ്രാമം ജനുവരി 27 വരെ നീളും.
സീലൈൻ ബീച്ചിനെ രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്ന കുടുംബ സൗഹൃദ വിനോദ പ്രവർത്തനങ്ങളുടെ ഒരു നിരതന്നെ വാഗ്ദാനം ചെയ്യുന്നു.
കായിക, വിനോദ, സാംസ്കാരിക പ്രകടനങ്ങളും പ്രദർശനങ്ങളുമായി മൂന്നാഴ്ച നീളും.പ്രകൃതി സൗന്ദര്യവും സാംസ്കാരിക അനുഭവങ്ങളും സമന്വയിപ്പിച്ചുള്ള സീലൈൻ സീസൺ സന്ദർശകർക്ക് അവിസ്മരണീയ അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് വിസിറ്റ് ഖത്തറിലെ ഫെസ്റ്റിവൽസ് ആൻഡ് ഇവന്റ്സ് ഡയറക്ടർ അഹ്മദ് ഹമദ് അൽ ബിൻ അലി പറഞ്ഞു.സർക്കാർ സ്ഥാപനങ്ങൾ, പങ്കാളികൾ, സ്പോൺസർമാർ എന്നിവരുമായി സഹകരിച്ച് വിനോദത്തിനും സാഹസികതക്കും സാംസ്കാരിക അനുഭവങ്ങൾക്കുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സീലൈൻ സ്ഥാപിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അടുത്തയാഴ്ച ആരംഭിക്കുന്ന സീസണിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് കായിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് ഒറിക്സുകളുടെ പ്രദർശനവും സീലൈൻ സീസണിലുണ്ടാകും.ക്ലാസിക് കാറുകളുടെ നിരയുമായി മവാതിറും സന്ദർശകർക്ക് ആവേശം പകരും. സീസണിലെ ഔട്ട്പോസ്റ്റ് അൽ ബരാരിയിൽ അറബിക് ടെന്റ് സജ്ജമാക്കും. സന്ദർശകരെ കാത്ത് മൈലാഞ്ചി കലാകാരന്മാരും അണിനിരക്കും. ആകാശ നിരീക്ഷണം ഉൾപ്പെടെ സൗകര്യങ്ങളുമായി ഖത്തർ കലണ്ടർ ഹൗസ് നേതൃത്വം വഹിക്കും.ജനുവരി മൂന്ന്, ജനുവരി 10 തീയതികളിലായി യഥാക്രമം സഅദ് ജുമാ-ദോം അൽ ത്ലാസി, മുഹമ്മദ് അൽ ബക്രി-അബ്ദുൽ അസീസ് അൽ തുഹി എന്നിവർ നയിക്കുന്ന തത്സമയ സംഗീതക്കച്ചേരിയും വെള്ളിയാഴ്ചകളിൽ സന്ദർശകർക്കായി പ്രത്യേക കരിമരുന്ന് പ്രയോഗവും നടക്കും.
ജനുവരി 16 മുതൽ18 വരെ പ്രത്യേക കൈറ്റ് ഫെസ്റ്റിവലും ജനുവരി 24ന് ഖത്തർ റേസിങ് ക്ലബ് സംഘടിപ്പിക്കുന്ന കാർ ഷോയും സംഘടിപ്പിക്കും. ജനുവരി 23, 24 തീയതികളിൽ മിന്നുന്ന ഡ്രോൺ ഷോയും നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷെഫ് ബെൽ5ആംസ് നേതൃത്വം നൽകുന്ന പ്രത്യേക പാചക മത്സരം നടക്കും. ദോഹ ബസ് നൽകുന്ന ഡെസേർട്ട് സഫാരി ടൂറുകളും 32 സീറ്റുകളുള്ള മോൺസ്റ്റർ ബസിൽ മണൽക്കൂനകൾക്കിടയിലൂടെയുള്ള സാഹസിക സഞ്ചാരവും സന്ദർശകർക്കായി ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.