സന്ദർശക പ്രവാഹം; ഹോട്ടലുകളിൽ തിരക്കേറുന്നു
text_fieldsദോഹ: യാത്രാനിയന്ത്രണങ്ങൾ കൂടുതൽ ലളിതമാക്കുകയും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വരുകയും ചെയ്തതോടെ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തേക്ക് ഒഴുകിയെത്തുന്ന വിദേശികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായതായി ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം ആഗസ്റ്റിൽ മാത്രം 62,114 സന്ദർശകർ ഖത്തറിലെത്തിയെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. 2020 ആഗസ്റ്റിൽ 3019 സന്ദർശകർ മാത്രമായിരുന്നു രാജ്യത്തെ സന്ദർശകർ. ഈ വർഷം ജൂലൈയിൽ 38,289 സന്ദർശകരാണ് രാജ്യത്ത് എത്തിയത്. ആഗസ്റ്റിൽ 62 ശതമാനം വർധനവാണ് സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പി.എസ്.എ വ്യക്തമാക്കി. സന്ദർശകരിൽ വ്യോമമാർഗം 47,925 പേരാണ് എത്തിയത്, അതേസമയം, കരമാർഗം 13,406 സന്ദർശകരും കടൽമാർഗം 783 സന്ദർശകരും രാജ്യത്തെത്തി. ഖത്തറിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധന, ഹോട്ടൽ വിപണിയിൽ വലിയ ഉണർവിന് വഴിയൊരുക്കിയതായും ആഗസ്റ്റ് മാസത്തിൽ ഹോട്ടൽ ബുക്കിങ്ങിൽ ഗണ്യമായ വർധനവുണ്ടായതായും പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഖത്തർ ടൂറിസം കലണ്ടറിലെ ഏറ്റവും തിരക്കുപിടിച്ച സമയമായ ശൈത്യകാലം അടുത്തെത്തിനിൽക്കെ വരും മാസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കാം. ഉയർന്ന വാക്സിനേഷൻ നിരക്കും യാത്രാനിബന്ധനകളിലെ ഇളവും ഖത്തറിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ഒക്ടോബർ ആറ് മുതൽ പുതിയ യാത്രാനയം പ്രാബല്യത്തിൽ വരുകയും കൂടുതൽ ഇളവുകൾ നടപ്പാവുകയും ചെയ്തതോടെ തിരക്ക് ഇരട്ടിയായി വർധിക്കുകയും ചെയ്യും. ആഗസ്റ്റിലെ കണക്ക് പ്രകാരം 51 ശതമാനം സന്ദർശകരും ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ജി.സി.സിയിൽനിന്ന് 34 ശതമാനം സന്ദർശകരും അറബ് രാജ്യങ്ങളിൽനിന്ന് മൂന്ന് ശതമാനവും സന്ദർശകർ ഖത്തറിലെത്തി. ആഗസ്റ്റ് മാസത്തിൽ ആഫ്രിക്കയിൽനിന്ന് 264ഉം, യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് 5029 പേരും ആഗസ്റ്റ് മാസം ഖത്തറിലെത്തി. അമേരിക്കൻ നാടുകളിൽനിന്ന് 2025 പേരാണ് സന്ദർശനത്തിനായി ഖത്തറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.