ലോകകപ്പിന് സന്ദർശകർ ഒഴുകിയെത്തും; ബുക്കിങ്ങിലും അന്വേഷണങ്ങളിലും വർധനയെന്ന് ടൂർ ഓപറേറ്റർമാർ
text_fieldsദോഹ: ടിക്കറ്റെടുത്ത് കളി കാണാൻ മാത്രമല്ല, ടിക്കറ്റില്ലെങ്കിലും ഖത്തറിന്റെ ലോകകപ്പ് ഫുട്ബാൾ ആവേശത്തിന്റെ ഭാഗമാവാൻ ലോകം ഒരുങ്ങുകയാണ്. ഖത്തർ ലോകകപ്പിന് മാസങ്ങളുടെ മാത്രം കാത്തിരിപ്പ് അവശേഷിക്കവെ, വിനോദസഞ്ചാര മേഖലയിലും തിരക്കേറുന്നതായി റിപ്പോർട്ട്. വിനോദ സഞ്ചാരികളിൽ നിന്നും ബുക്കിങ്ങും അന്വേഷണവും സജീവമായതായി ടൂർ ഓപറേറ്റർമാർ പറയുന്നു. കിഴക്കും പടിഞ്ഞാറും തമ്മിൽ ഏറെ അടുത്ത് കിടക്കുന്നതിനാലും ലോകത്തിലെ ചില പ്രമുഖ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് പ്രവേശിക്കാൻ എളുപ്പമായതിനാലും ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ട് സ്റ്റേഡിയങ്ങളിലായി നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായുള്ള ആദ്യ ഘട്ട ടിക്കറ്റ് അപേക്ഷ 17 മില്യൻ കടന്നതും ചരിത്രത്തിലിടം നേടിക്കഴിഞ്ഞിരിക്കുകയാണ്. സ്വകാര്യ യാച്ച് ക്രൂസ്, പരമ്പരാഗത പായ്ക്കപ്പൽ ക്രൂസ്, ഡെസേർട്ട് സഫാരി, പർപ്പ്ൾ ഐലൻഡ് കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്, മ്യൂസിയം സന്ദർശനങ്ങൾ തുടങ്ങി നിരവധി സേവനങ്ങളാണ് ടൂറിസം ഓപറേറ്റർമാർ മുന്നോട്ടു വെക്കുന്നത്. ഇതിനകം നിരവധി ബുക്കിങ് അന്വേഷണങ്ങളാണ് ലഭിച്ചിട്ടുള്ളതെന്ന് എക്സ്പീരിയൻസ് ഡോട്ട് ക്യു.എയിലെ അബ്ദുറഹ്മാൻ സാജിദിനെ ഉദ്ധരിച്ച് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഏഷ്യ, യൂറോപ്, അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് വിളിക്കുന്നത്. ലോകകപ്പിനായി സന്ദർശകരുടെയും ആരാധകരുടെയും ഒഴുക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും മികച്ചതും ആകർഷകവുമായ ഓഫറുകളാണ് സന്ദർശകർക്കായി മുന്നോട്ട് വെക്കാനുള്ളതെന്നും സാജിദ് വ്യക്തമാക്കി. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരി 28 മുതൽ ക്വാറന്റീൻ ഒഴിവാകുന്നതോടെ വരും ദിവസങ്ങളിൽ ബുക്കിങ്ങും അന്വേഷണവും കൂടുതൽ സജീവമാവുമെന്ന പ്രതീക്ഷയിലാണ് ടൂർ ഓപറേറ്റർമാർ. നിലവിലുള്ള ക്വാറന്റീൻ പലരുടെയും യാത്രാപ്ലാനിങ്ങിന് തടസ്സമായിരുന്നുവെങ്കിൽ അവ്യക്തതകൾ മാറുന്നത് രംഗം കൂടുതൽ സജീവമാക്കാൻ വഴിയൊരുക്കും. 1.5 ദശലക്ഷം പേർ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വ്യത്യസ്തവും വൈവിധ്യവുമായ താമസ സൗകര്യങ്ങളാണ് സംഘാടകരും സർക്കാറും ഒരുക്കുന്നത്. പരമ്പരാഗത ഹോട്ടൽ റൂം, അപ്പാർട്ട്മെൻറുകൾക്ക് പുറമേ, എം.എസ്.സി ക്രൂസുകളുടെ കപ്പലുകളും േഫ്ലാട്ടിങ് ഹോട്ടലുകളും മരുഭൂമിയിലെ ടെൻറ് ക്യാമ്പുകളും ആരാധകർക്ക് താമസത്തിനായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.