വിദേശത്ത് പണിമുടക്കി വോട്ടുചേർക്കൽ വെബ്സൈറ്റ്; പ്രവാസി വോട്ടിന് കമീഷന്റെ കടുംവെട്ട്
text_fieldsദോഹ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിറകെ വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിന്റെ ‘േബ്ലാക്ക്’.
ജോലിചെയ്യുന്ന വിദേശരാജ്യങ്ങളിലിരുന്നുതന്നെ voters.eci.gov.in എന്ന ലിങ്ക് വഴി നേരത്തേ വോട്ടർപട്ടികയിൽ പ്രവാസി വോട്ടറായി പേര് ചേർക്കാമായിരുന്നുവെങ്കിൽ ഇത്തവണ ഈ വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്നില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു പിന്നാലെ നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയതിനുപിന്നാലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വോട്ടുചേർക്കൽ കാമ്പയിനും ആരംഭിക്കുന്നത്. 2014, 2019 ലോക്സഭ, 2016,2021 നിയമസഭ തെരഞ്ഞെടുപ്പിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റ് വഴി ഗൾഫ് രാജ്യങ്ങളിൽനിന്നുതന്നെ പ്രവാസി വോട്ടുകൾ ചേർക്കാമായിരുന്നു.
അവശ്യവിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തശേഷം, പ്രിന്റെടുക്കുന്ന ‘ഫോം സിക്സ് എ’രേഖകൾസഹിതം തങ്ങൾ താമസിക്കുന്ന ഇടങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറായ തഹസിൽദാർക്ക് സമർപ്പിച്ചായിരുന്നു വോട്ടർപട്ടികയിൽ പേരുറപ്പിക്കൽ. എന്നാൽ, ഇത്തവണ കെ.എം.സി.സി, ഇൻകാസ് ഉൾപ്പെടെ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് ചേർക്കൽ കാമ്പയിന് തുടക്കംകുറിച്ചുവെങ്കിലും ലിങ്ക് ഓപണാകുന്നില്ലെന്ന ആശങ്ക പ്രവർത്തകർ പങ്കുവെക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് 25 വരെയാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്.
പ്രവാസികൾക്ക് വിദേശത്തുനിന്നും വോട്ടുചെയ്യാനുള്ള അവകാശം എന്ന സ്വപ്നം ഏറെ വിദൂരമാണെങ്കിലും 2010ൽ പാർലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ ഭേദഗതി നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റോ വിദേശത്ത് കഴിയുമ്പോൾ ഇന്ത്യൻ പാസ്പോർട്ടിലെ വിലാസം സ്ഥിതിചെയ്യുന്ന സ്ഥലം ഉൾക്കൊള്ളുന്ന അസംബ്ലി/ പാർലമെന്റ് മണ്ഡലങ്ങളിൽ സമ്മതിദാന പട്ടികയിൽ പേരുചേർത്ത് വോട്ടുചെയ്യാവുന്നതാണ്. പാസ്പോർട്ട് രേഖ, വിസ/ഐ.ഡി എന്നിവ രേഖകളായി സമർപ്പിച്ചാണ് പ്രവാസികൾ വോട്ട് രജിസ്റ്റർ ചെയ്യുന്നത്. സാധാരണ വോട്ടർമാർക്കൊപ്പം, ‘പ്രവാസി വോട്ടർ’എന്നപേരിൽ പാസ്പോർട്ട് രേഖയായി സമർപ്പിച്ച് ഇവർക്ക് വോട്ടുചെയ്യാൻ അവസരം നൽകും.
പുതിയ സാഹചര്യത്തിൽ നാട്ടിലെ പ്രവർത്തകരെയും മറ്റും ഉപയോഗിച്ച് തങ്ങളുടെ പേരുകൂടി വോട്ടർ പട്ടികയിൽ ചേർക്കാനുള്ള ശ്രമത്തിലാണ് പ്രവാസികൾ. ഖത്തറിൽ നാലുലക്ഷം മലയാളികൾ ഉൾപ്പെടെ ഏഴു ലക്ഷമാണ് പ്രവാസി ഇന്ത്യക്കാർ. വിവിധ ഗൾഫ് രാജ്യങ്ങളിലായി 89 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇവരിൽ ചെറിയൊരു ശതമാനം മാത്രമാണ് നാട്ടിലെത്തി വോട്ടുചെയ്യാൻ ശ്രമിക്കുന്നത്. അവർക്ക്, നാട്ടിലേക്ക് പോകുംമുമ്പേ വോട്ടുറപ്പിക്കാനുള്ള അവസരമാണ് ‘വെബ്സൈറ്റിന്റെ േബ്ലാക്കിലൂടെ പൊലിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.