പച്ചപ്പണിഞ്ഞ് വക്റ പാർക്ക്; ഉടൻ സന്ദർശകർക്കായി തുറക്കും
text_fieldsദോഹ: അരലക്ഷത്തിനടുത്ത് ചതുരശ്രമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന അൽ വക്റ പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 95 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റിയെ (അഷ്ഗാൽ) ഉദ്ധരിച്ച് പ്രാദേശിക അറബി ദിനപത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു. നവീകരണം അവസാനിക്കുന്നതോടെ ഉടൻതന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നും അറിയിച്ചു.
പാർക്ക് നവീകരണത്തോടൊപ്പം നടപ്പാത അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും മുതിർന്നവർക്കുള്ള ഫിറ്റ്നസ് ഉപകരണങ്ങളും കുട്ടികൾക്കായുള്ള പുതിയ കളിസ്ഥലങ്ങളും സ്ഥാപിക്കുകയും ചെയ്തു. പ്രാർഥനാ മുറികൾ, ബാർബിക്യൂ ഏരിയകൾ, വിശ്രമ മുറികൾ, പരിപാടികൾ സംഘടിപ്പിക്കുന്നതിനുവേണ്ടി മാത്രമുള്ള പ്രധാന സ്ക്വയർ, കൃത്രിമ തടാകം എന്നിവ പാർക്കിന്റെ സവിശേഷതകളാണ്.
പാർക്കിന്റെ അന്തരീക്ഷം മെച്ചപ്പെടുത്താനും താപനില കുറക്കുന്നതിനും കാർബൺ പുറന്തള്ളൽ ചുരുക്കാനുമായി പാർക്കിന്റെ 70 ശതമാനവും മരങ്ങളും ചെടികളും പുൽമേടുകളാലും പച്ച പുതച്ചിട്ടുണ്ട്. 1980കളുടെ അവസാനത്തിൽ സ്ഥാപിതമായ പഴയ പാർക്ക് പൂർണമായും പൊളിച്ചുനീക്കിയാണ് പുതിയ പാർക്ക് നിർമിച്ചിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങൾക്കും പകരം ആധുനിക സംവിധാനങ്ങളും സ്ഥാപിച്ചു.
നടപ്പാതകൾക്കൊപ്പം സൈക്കിൾ പാതകളും ഭിന്നശേഷിക്കാർക്കുൾപ്പെടെയുള്ള പാർക്കിങ് സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ പാർക്കിലെ സുരക്ഷ ഉറപ്പാക്കുന്നു. കൂടാതെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്ക് കാലുകളും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.
ഖത്തറിലെ പൊതുപാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചതായും മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 2019-2022 കാലയളവിൽ ദശലക്ഷത്തിലധികം വൃക്ഷത്തൈകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.