ചരിത്രനിമിഷം ഖത്തറിന്റെ ചുവരിൽ
text_fieldsദോഹ: ഈ നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ കായികചിത്രം ഏതെന്ന ചോദ്യത്തിന് ഫുട്ബാൾ പ്രേമികൾക്ക് ഒരുത്തരം മാത്രമേയുണ്ടാവൂ. 2022 ഡിസംബർ 18ന് രാത്രി ലുസൈൽ സ്റ്റേഡിയത്തിന്റെ മുറ്റത്ത് ഖത്തറിന്റെയും അറബ് ലോകത്തിന്റെയും ആദരവായി മേൽക്കുപ്പായമായ ‘ബിഷ്ത്’ അണിഞ്ഞ്, ലോകകപ്പ് കിരീടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി തലയുയർത്തി നിൽക്കുന്ന ആ ചിത്രം. പെലെയും ഡീഗോ മറഡോണയും ലോകകിരീടം മാറോടണച്ച് നിൽക്കുന്ന ആ ചരിത്ര ഫ്രെയിമുകളെ അനുസ്മരിപ്പിക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം ചുമരിലേക്ക് പകർത്തിയിരിക്കുകയാണ് ഇവിടെയൊരു അർജൻറീന കലാകാരൻ.
ലുസൈലിലെ കളിമുറ്റത്ത് ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങാൻ ഒരുങ്ങുന്ന ലയണൽ മെസ്സിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വർണക്കരയുള്ള ബിഷ്ത് അണിയിക്കുന്നതിന്റെ കൂറ്റനൊരു മ്യൂറൽ പെയിന്റിങ്. അരികിലായി കൗതുകത്തോടെ നോക്കുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെയും കാണാം. ലോകകപ്പ് ഫുട്ബാളിലെ ഓരോ മത്സരങ്ങളോളം തന്നെ ഹൃദ്യമായിരുന്നു ലുസൈൽ സ്റ്റേഡിയത്തിലെ ഈ ചരിത്ര നിമിഷവും. അതിനെ, 11 മീറ്റർ ഉയരവും 27 മീറ്റർ വീതിയുമുള്ള വിശാലമായ ചുമരിൽ ജീവസ്സുറ്റ ആ ചിത്രം തീർത്തത് അർജന്റീനക്കാരായ മാർടിൻ റോണും ഖത്തരി ചിത്രകാരൻ മുബാറക് അൽ മാലികിയും ചേർന്നാണ്.
അതിനായി തിരഞ്ഞെടുത്തതാവട്ടെ, ലോകകപ്പ് വേളയിൽ അർജന്റീനയിൽ നിന്നുള്ള ആരാധകർ താമസിച്ച അൽ വുകൈറിലെ അർജന്റീന നൈബർഹുഡ് എന്ന അപ്പാർട്മെന്റ് സമുച്ചയവും. 40,000ത്തോളം വരുന്ന അർജന്റീന ആരാധകർ കളി ആസ്വദിച്ചും ആഘോഷിച്ചും ഒന്നിച്ചു താമസിച്ച ഈ പാർപ്പിട സമുച്ചയത്തിലെ കൂറ്റൻ ചുമരിനെയാണ് ലോകകപ്പിലെ ഏറ്റവും അവിസ്മരണീയമായ നിമിഷംകൊണ്ട് അലങ്കരിച്ചത്. കെട്ടിടത്തിന്റെ ഉടമസ്ഥരായ ബർവ റിയൽ എസ്റ്റേറ്റുമായി സഹകരിച്ചാണ് ഇവർ ചിത്രം പൂർത്തിയാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലയണൽ മെസ്സിയുടെയും ഡീഗോ മറഡോണയുടെയും ഉൾപ്പെടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ രചിച്ച് ശ്രദ്ധ നേടിയ കലാകാരനാണ് മാർട്ടിൻ റോൺ. അർജന്റീനയുടെ ചരിത്രനേട്ടവും സാംസ്കാരിക കൈമാറ്റവും ഒരു രചനയിലൂടെ ഖത്തറിന്റെ മണ്ണിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഖത്തറിലെ അർജന്റീന അംബാസഡർ ഗിയേർമോ നികോളസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.