നവംബർ തണുപ്പിന് ഇനി ആഘോഷച്ചൂട്
text_fieldsദോഹ: ശൈത്യകാലം ആരംഭിക്കുന്നതോടെ രാജ്യത്ത് സാംസ്കാരിക, കലാ, കായിക പരിപാടികളുടെ ആവേശം വീണ്ടുമെത്തുന്നു. താമസക്കാർക്കും സന്ദർശകർക്കും ആസ്വദിക്കാൻ പാകത്തിലുള്ള പരിപാടികളുടെ ഒരു നിരതന്നെയാണ് ഈ മാസം അണിയറയിലൊരുങ്ങിയിരിക്കുന്നത്.
കലാ പ്രദർശനങ്ങൾ, നാടകങ്ങൾ, ഇതിഹാസങ്ങൾ പന്തുതട്ടുന്ന എൽ ക്ലാസിക്കോ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ തുടങ്ങി എല്ലാ അഭിരുചികൾക്കും അനുസൃതമായ വൈവിധ്യമാർന്ന അനുഭവങ്ങളാണ് നവംബറിൽ ദോഹയിലും പരിസരത്തുമായുള്ളത്. രാജ്യത്തുടനീളമുള്ള മുഴുവൻ പരിപാടികളും ഉൾക്കൊള്ളിച്ച് ഖത്തർ കലണ്ടറാണ് വിവരങ്ങൾ പുറത്തുവിടുന്നത്.
നവംബറിൽ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ എന്തെങ്കിലും ഒരു പരിപാടിയുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഖത്തർ ടൂറിസത്തിലെ ടൂറിസം ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽസ് സംഘാടക സമിതി മേധാവി ശൈഖ നൂർ അബ്ദുല്ല ആൽ ഥാനി പറഞ്ഞു.
സാംസ്കാരിക പ്രവർത്തനങ്ങളും കലാ പ്രദർശനങ്ങളും
നവംബർ ഒമ്പത് വരെ ഖത്തർ നാഷനൽ മ്യൂസിയത്തിൽ നടക്കുന്ന ഹെർമിസ് ഹെറിറ്റേജ് പ്രദർശനം കലാപ്രേമികൾക്ക് അതിമനോഹരമായ കരകൗശലവിദ്യയാണ് വാഗ്ദാനം ചെയ്യുന്നത്. ഖത്തറിന്റെ സമ്പന്നമായ പൈതൃകമറിയുന്നതിന് അവസരമൊരുക്കി ‘ദി മാൽ ലവാൽ’ പ്രദർശനത്തിന്റെ നാലാം പതിപ്പിന് നവംബറിൽ ദേശീയ മ്യൂസിയത്തിൽ തിരശ്ശീല ഉയരും. 2025 ഏപ്രിൽ വരെ പ്രദർശനം തുടരും.
ആഡംഭരവും പ്രകൃതിയും തമ്മിലുള്ള സൂക്ഷ്മബന്ധം അവതരിപ്പിക്കുന്ന ‘ചൗമെറ്റ് ആൻഡ് നാച്വർ’ പ്രദർശനം മുശൈരിബ് ഡൗൺടൗണിലെ എം7 ഗാലറി മൂന്നിൽ നവംബർ ഒന്നിന് ആരംഭിച്ചു. നവംബർ ഏഴിന് കതാറ ആംഫി തിയറ്ററിൽ ഇതിഹാസം കാദിം അൽ സാഹിറിന്റെ സംഗീതക്കച്ചേരി നവംബറിലെ പ്രധാന സംഗീത പരിപാടികളിലൊന്നാണ്.
നവംബർ 21ന് ഇതിഹാസ കലാകാരിയായ നവാൽ അൽ കുവൈതിയ്യയും ഖത്തറിൽ സംഗീത പ്രേമികൾക്ക് മുന്നിൽ ആവേശത്തിരമാല തീർക്കും. നവംബർ 22 മുതൽ 30 വരെ അലി ബിൻ ഹമദ് അൽ അതിയ്യ അറീനയെന്ന മാന്ത്രിക വിസ്മയ ലോകത്ത് കുടുംബങ്ങൾ ഡിസ്നിയുടെയും കൂട്ടുകാരുടെയും സാഹസികത ആസ്വദിക്കാനെത്തും.
കായിക ഉത്സവമെത്തുന്നു
മോട്ടോർ പ്രേമികളുടെ മാസ്റ്റർ പീസ് ഇനമായ ഫോർമുല വൺ ഖത്തർ എയർവേസ് ഗ്രാൻഡ് പ്രിക്സിന്റെ ഫ്ലാഗ് ഓഫ് നവംബർ 29നാണ്. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ ഡിസംബർ ഒന്ന് വരെയാണ് വേഗമേറിയ ഡ്രൈവർമാരെ കണ്ടെത്തുന്നതിനുള്ള ലോകോത്തര മത്സരം നടക്കുക.
ആധുനിക സൗകര്യങ്ങൾക്ക് പേരുകേട്ട ലുസൈൽ സർക്യൂട്ട് ഒരിക്കൽ കൂടി ആവേശവും നാടകീയതയും നിറഞ്ഞ ഒരു വാരാന്ത്യം സമ്മാനിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മോട്ടോർ സ്പോർട്സ് പ്രേമികൾ മത്സരം ആസ്വദിക്കാൻ ഖത്തറിലെത്തും.
ഒക്ടോബർ 18ന് ആരംഭിച്ച ഖത്തർ റണ്ണിങ് സീരീസ് (ക്യു.ആർ.എസ്) ഫാൾ എഡിഷൻ നവംബർ 29 വരെ നീണ്ടുനിൽക്കും. വിവിധ സ്റ്റേഡിയങ്ങൾ മത്സരങ്ങൾക്ക് വേദിയാകും.
അറേബ്യൻ കുതിരകളുടെ സൗന്ദര്യവും ചാരുതയും പ്രദർശിപ്പിക്കുന്ന അൽ ശഖബ് ഇന്റർനാഷനൽ അറേബ്യൻ കുതിര പ്രദർശനം നവംബർ ആറ് മുതൽ ഒമ്പത് വരെ ലോംഗൈൻസ് ഇൻഡോർ അറീനയിൽ നടക്കും.
ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ രണ്ടാമത് ദോഹ പ്രൊമോഷൻ ടൂർണമെന്റ് 2024 (പാഡൽ) നവംബർ 18 മുതൽ 24 വരെ നടക്കും.
ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന റയൽ മഡ്രിഡ് - ബാഴ്സലോണ ലെജൻഡ്സ് എൽ ക്ലാസിക്കോ നവംബർ 28ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിഹാസങ്ങൾ പന്തുതട്ടുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന നേരത്തേ ആരംഭിച്ചിരുന്നു.
ഖത്തർ ബോട്ട്ഷോ
നവംബർ ആറ് മുതൽ ഒമ്പത് വരെയാണ് ഓൾഡ് ദോഹ തുറമുഖത്ത് പ്രഥമ ഖത്തർ ബോട്ട് ഷോ അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ യാച്ചുകളും ബോട്ടുകളും പ്രാദേശിക, അന്തർദേശീയ കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കും.
ആഗോള വിനോദസഞ്ചാര, യാത്ര മേഖലയിലെ ഏറ്റവും പുതിയ പ്രവണതകൾ രേഖപ്പെടുത്തുന്നതിനും അറിയുന്നതിനുമായുള്ള ഖത്തർ ട്രാവൽ മാർട്ടിന് നവംബർ 25 മുതൽ 27 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാകും.
നവംബർ 27 മുതൽ ഡിസംബർ ഏഴ് വരെ കതാറ ബീച്ചിൽ ഖത്തറിന്റെ സമുദ്ര പൈതൃകം വിളിച്ചോതി 14ാമത് കതാറ പരമ്പരാഗത പായ്ക്കപ്പൽ മേളയും പ്രദർശനവും നടക്കും.
സാംസ്കാരിക പരിപാടികൾ, പരമ്പരാഗത പായ്ക്കപ്പലുകളുടെ പ്രദർശനം, പാചക പരിപാടികൾ തുടങ്ങിയവ മേളയോടനുബന്ധിച്ച് നടക്കും.
നവംബർ 16 മുതൽ 23 വരെ പ്രാദേശിക, അന്തർദേശീയ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന അജ് യാൽ ചലച്ചിത്രമേള നവംബർ 16 മുതൽ 23 വരെ കതാറയിൽ നടക്കും.
കതാറ ചിൽഡ്രൻസ് ഫെസ്റ്റിവൽ, ഗീകെൻഡ് മാർക്കറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ ട്രെൻഡുകളുമായി ഹോസ്പിറ്റാലിറ്റി ഖത്തർ എന്നിവയും നവംബർ മാസത്തെ പ്രധാന പരിപാടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.