സന്നാഹ മത്സരം ബഹിഷ്കരിച്ച സംഭവം; ആരും ഒന്നും കേട്ടില്ല; ബഹിഷ്കരണം ഞെട്ടിച്ചു -ഖത്തർ കോച്ച്
text_fieldsദോഹ: കോൺകകാഫിന് മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ കളിയുടെ പകുതിയിൽ ന്യൂസിലൻഡ് താരങ്ങൾ പിൻവാങ്ങിയത് ഞെട്ടിച്ചുവെന്ന് ഖത്തർ കോച്ച് കാർലോസ് ക്വിറോസ്. ‘കളിയുടെ ഇടവേളയിലാണ് കളി ബഹിഷ്കരിക്കുന്നതായി ന്യൂസിലൻഡ് ക്യാപ്റ്റൻ അറിയിച്ചത്. ഞങ്ങളെ അതിശയിപ്പിക്കുന്നതായിരുന്നു ആ തീരുമാനം. പിച്ചിൽ രണ്ട് കളിക്കാർ തമ്മിൽ വാഗ്വാദമുണ്ടായിരുന്നു. സംഭവത്തിനു ശേഷം, ന്യൂസിലൻഡ് കളിക്കാർ തങ്ങളുടെ സഹതാരത്തെ പിന്തുണച്ചു. ഞങ്ങളുടെ ടീം സ്വന്തം കളിക്കാരനെ പിന്തുണച്ചു. ന്യൂസിലൻഡ് താരത്തിന്റെ വാദങ്ങൾക്ക് പിന്തുണയുമായി ടീം സ്റ്റാഫും രംഗത്തെത്തി. ഞങ്ങൾ ഞങ്ങളുടെ കളിക്കാരെയും പിന്തുണച്ചു. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് അറിയാതെ, ഒരു സാക്ഷികളുമില്ലാതെ കളി ഉപേക്ഷിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു’- മത്സര ശേഷം കോച്ച് ക്വിറോസ് വിശദീകരിച്ചു.
തർക്കത്തിനിടയിൽ എന്താണ് കളിക്കാർ പരസ്പരം പറഞ്ഞതെന്ന് ആരും കേട്ടിട്ടില്ല. റഫറിയോ ബെഞ്ചിലിരിക്കുന്നവരോ കോച്ചുമാരോ കേട്ടില്ല. രണ്ടു കളിക്കാർ തമ്മിലെ വാഗ്വാദം മാത്രമായിരുന്നു അത്. ആർക്കും മനസ്സിലാക്കാൻ കഴിയാത്ത, ഫുട്ബാളിലെ പുതിയൊരു സാഹചര്യമാണിത്. എന്താണ് സംഭവിച്ചതെന്നതിൽ ഫുട്ബാൾ അധികൃതർ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം ഫിഫയുടെ നിരീക്ഷണത്തിലാണെന്ന് വിശ്വസിക്കുന്നു. കോച്ചിനോടും റഫറിയോടും ചോദിച്ചുവെങ്കിലും അവർ ആരും തന്നെ ഒന്നും കേട്ടില്ല’ -മത്സരശേഷം അൽകാസ് ടി.വിക്കു നൽകിയ അഭിമുഖത്തിൽ കാർലോസ് ക്വിറോസ് വിശദീകരിച്ചു.
എന്നാൽ, ഖത്തർതാരം മൈകൽ ബോക്സലിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ന്യൂസിലൻഡ് ഫുട്ബാൾ ഫെഡറേഷൻ പിന്നീട് ട്വീറ്റ് ചെയ്തു. കളിക്കാരനെതിരെ നടപടി സ്വീകരിക്കാത്തതിനാൽ ടീം രണ്ടാം പകുതിയിൽ കളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഫെഡറേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.