മലിനജല പുനരുപയോഗം: 'ഖീരി' പ്ലാന്റിന്റെ പ്രവർത്തനം ഓകെ
text_fieldsദോഹ: സംസ്കരിച്ച മലിനജലത്തിൽനിന്നും അഴുക്കുകൾ നീക്കം ചെയ്ത് പുനരുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഖത്തർ പരിസ്ഥിതി ഊർജ ഗവേഷണ കേന്ദ്രത്തിന്റെ (ക്യു.ഇ.ഇ.ആർ.ഐ) പ്രാരംഭ പ്ലാൻറിൽനിന്നും പ്രതീക്ഷ നൽകുന്ന ഫലങ്ങൾ.
സൂക്ഷ്മ അഴുക്കുകളെ നീക്കം ചെയ്യുന്നതിനായി അഡ്വാൻസ്ഡ് ഓക്സിഡേഷൻ പ്രൊസസ് ആണ് എച്ച്.ബി.കെ.യു (ഹമദ് ബിൻ ഖലീഫ സർവകലാശാല)വിന്റെ ഭാഗമായ 'ഖീരി' പ്ലാൻറിൽ ഉപയോഗിക്കുന്നത്.
പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഖത്തറിന്റെയും മേഖലയുടെയും ജല സുസ്ഥിരതയിൽ നിർണായക മുന്നേറ്റമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അശ്ഗാലിന്റെ ദോഹ നോർത്ത് സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിൽ സ്ഥാപിച്ചിരിക്കുന്ന എ.ഒ.പി പ്ലാൻറിലൂടെ പ്രതിദിനം 40,000 ലിറ്റർ മലിനജലം വീണ്ടും സംസ്കരിക്കാൻ സാധിക്കും. ഓസോൺ മിശ്രിതങ്ങൾ, അൾട്രാ വയലറ്റ്, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവയുൾപ്പെടുന്ന വ്യത്യസ്ത ഓക്സിഡേഷൻ സാങ്കേതികവിദ്യകളുടെ പ്രകടനം വിലയിരുത്തുകയാണ് എ.ഒ.പി ചെയ്യുന്നത്.
ട്രീറ്റഡ് സീവേജ് വാട്ടർ ഉപയോഗം വർധിപ്പിക്കുന്നത് നിലവിൽ ലഭ്യമായ ശുദ്ധജലത്തിന്റെ കൂടിയ അളവ് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ക്യു.ഇ.ഇ.ആർ.ഐ വാട്ടർ സെൻറർ സീനിയർ റിസർച് ഡയറക്ടർ ഡോ. ജെനി ലോലർ പറഞ്ഞു.
ടി.എസ്.ഇ വീണ്ടും സംസ്കരിക്കുന്ന പ്രക്രിയ ചെലവു ചുരുങ്ങിയതാണെന്നും സമുദ്രജലം ശുദ്ധജലമാക്കിമാറ്റുന്ന പ്രക്രിയയേക്കാൾ കുറവ് ഊർജം മാത്രമേ ഇതിന് ചെലവഴിക്കേണ്ടിവരുന്നുള്ളൂവെന്നും ഡോ.ലോലർ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ജല സുസ്ഥിരതക്ക് ആക്കം കൂട്ടുന്നതോടൊപ്പം മനുഷ്യ ആരോഗ്യത്തിനും പരിസ്ഥിതിക്കും കൂടുതൽ സുരക്ഷിതത്വം നൽകുകയും ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.