ഖത്തറില്‍ സുരക്ഷ തേച്ചുമിനുക്കാൻ ‘വതൻ’ അഭ്യാസം
text_fieldsദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സൈനിക അഭ്യാസ പ്രകടനമായ ‘വതൻ എക്സസൈസ്’ നവംബർ ആറ് മുതൽ എട്ടു വരെ തീയതികളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്റെ തയാറെടുപ്പുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷ സേനാ വിഭാഗങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘വതൻ’ പരിശീലന അഭ്യാസം നടക്കുന്നത്.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലഖ്വിയ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയം പി.ആർ വിഭാഗം ഡയറക്ടറും വതൻ എക്സസൈസ് മീഡിയ സെൽ കമാൻഡറുമായ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത, ലഖ്വിയ ഫോഴ്സ് ഫോർ ലോജിസ്റ്റിക്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ അസി. കമാൻഡറും വതൻ കമാൻഡറുമായ കേണൽ മുബാറക് ഷെരീദ അൽ കഅബി, കമാൻഡ് ആൻഡ് സിനാരിയോസ് പ്രിപറേഷൻ സെൽ കമാൻഡർ മേജർ മുഹമ്മദ് അഹമ്മദ് ജാബിർ അബ്ദുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സാധാരണ സമയങ്ങളിലും, കായിക പരിപാടികൾ ഉൾപ്പെടെ മേളകളിലെ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അതിവേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള സന്നദ്ധത പരീക്ഷിക്കാനും, കാര്യക്ഷമത ഉയർത്താനും വേണ്ടിയാണ് ‘വതൻ എക്സസൈസ്’ ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ അൽ മുഫ്ത വിശദീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ പ്രതികരണം ഉറപ്പാക്കുക, കമാൻഡ്, കൺട്രോൾ, സംയുക്ത സഹകരണം എന്നിവയുടെ സംവിധാനം സജീവമാക്കുക, വിവിധ വിഭാഗങ്ങളുടെ സഹകരണം ശക്തിപ്പെടുത്താനും സംയുക്ത വിഭാഗങ്ങളുടെ പരിശീലനത്തിലൂടെ സാധ്യമാവും.
ഓഫിസ്, ഫീൽഡ് അഭ്യാസങ്ങൾ ഉൾപ്പെടെയാണ് വതൻ പരിശീലനം ക്രമീകരിക്കുന്നത്. 2022 ലോകകപ്പ് മുന്നിൽകണ്ട് നടത്തിയ ‘വതൻ’ അഭ്യാസം ഒരുപാട് മേഖലകളിൽ ഗുണകരമായ ഫലങ്ങൾ നൽകിയതായും, ഇവയിൽനിന്നുള്ള പാഠങ്ങൾ ലോകകപ്പ് വേളയിൽ സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് പൊതുസുരക്ഷക്കായി ഉപയോഗപ്പെടുത്തിയെന്നും ബ്രിഗേഡിയർ അൽ മുഫ്ത വിശദീകരിച്ചു.വിവിധ സേനാ വിഭാഗങ്ങൾ, 30ഓളം സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, സ്വകാര്യ സുരക്ഷ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെ ഇത്തവണ വതൻ പരിശീലന പരിപാടിയിൽ പങ്കാളിയാകുമെന്ന് കേണൽ മുബാറക് ഷരീദ അൽ കഅബി പറഞ്ഞു.
ഫീല്‍ഡ് പരിശീലനങ്ങള്‍ക്ക് മുന്നോടിയായുള്ള ഓഫിസ് പരിശീലനങ്ങള്‍ ഒക്ടോബർ 30, 31, നവംബര്‍ ഒന്ന് തീയതികളിലായി നടക്കും. ഫീല്‍ഡ് പരിശീലനങ്ങള്‍ പ്രധാന സൈനിക-സേവന കേന്ദ്രങ്ങള്‍, കര, സമുദ്ര അതിര്‍ത്തികള്‍, വിമാനത്താവളങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ദോഹ, ദോഹ കോര്‍ണിഷ്, ദുഖാന്, മിസൈദ്, സക്രീത്ത്, ദോഹ തുറമുഖം, ലുസെയ്ല്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലാണ് നടക്കുക. ഫയൽ തയാറാക്കൽ മുതൽ പരിശീലന സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പ്, മീഡിയ പ്ലാൻ, മേധാവികളുടെ അംഗീകാരം, ഓപറേഷൻ ഓർഡർ ബുക്ലെറ്റ്, ഓഫിസ് എക്സസൈസ്, ഫീൽഡ് എക്സസൈസ് ഉൾപ്പെടെ വിവിധ ഘട്ടങ്ങളായാണ് വതൻ പൂർത്തിയാക്കുന്നതെന്ന് മേജർ മുഹമ്മദ് അഹമ്മദ് ജാബിർ അബ്ദുല്ല വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.