ജല, വൈദ്യുത ഉപഭോഗം: സ്മാർട്ട് മീറ്ററുകൾ ഉടനെത്തും
text_fieldsദോഹ: ജല, വൈദ്യുത ഉപഭോഗം കൃത്യമായി തിട്ടപ്പെടുത്തുന്നതിെൻറയും യൂട്ടിലിറ്റീസ് ഇൻഡസ്ട്രി ഡിജിറ്റൽവത്കരിക്കുന്നതിെൻറയും ഭാഗമായി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് ഉടൻ ആരംഭിക്കും. ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) അവതരിപ്പിക്കുന്ന സ്മാർട്ട് മീറ്ററുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ഇതിെൻറ ഭാഗമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും (കഹ്റമ) വോഡഫോൺ ഖത്തറും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. കഹ്റമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡൻറ് എൻജി. ഇസ്സ ബിൻ ഹിലാൽ അൽ കുവാരി, വോഡഫോൺ ഖത്തർ സി.ഇ.ഒ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ആൽഥാനി എന്നിവർ പങ്കെടുക്കുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
കരാർ പ്രകാരം രാജ്യത്തുടനീളം സ്ഥാപിക്കുന്ന ആറ് ലക്ഷത്തോളം വരുന്ന സ്മാർട്ട് മീറ്ററുകളിൽ വോഡഫോൺ ഐ.ഒ.ടി സിമ്മുകൾ ഘടിപ്പിക്കും. ഇത് വഴി കൃത്യസമയത്ത് മീറ്റർ റീഡിങ് വിവരങ്ങൾ കഹ്റമയിലേക്ക് സ്വയം എത്തിച്ച് നൽകും.വോഡഫോൺ ഖത്തറിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ.ഒ.ടി സുരക്ഷിതമായ സേവനമാണ് നിർവഹിക്കുന്നത്. ഇതുവഴി കഹ്റമക്ക് ഐ.ഒ.ടിയുമായി ബന്ധിപ്പിച്ച സ്മാർട്ട് മീറ്ററുകളുടെ പ്രവർത്തനം നേരിട്ട് വീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.
പുതിയ സ്മാർട്ട് മീറ്ററുകൾ എത്തുന്നതോടെ ടെക്നീഷ്യന്മാർ വഴി നടന്നിരുന്ന മാനുവൽ മീറ്റർ റീഡിങ്ങും മീറ്ററുകളും പഴങ്കഥയാകും. റീഡിങ് പ്രക്രിയ ഓട്ടോമാറ്റിക് രീതിയിലേക്ക് മാറുന്നതോടെ റെസിഡൻഷ്യൽ, ബിസിനസ് ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് കൃത്യമായ റീഡിങും ബില്ലും ലഭിച്ചുതുടങ്ങും. കൂടാതെ കഹ്റമക്ക് പ്രസ്തുത സംവിധാനം വഴി ഏത് സാഹചര്യത്തിലും ജല, വൈദ്യുത കണക്ഷൻ സ്ഥാപിക്കാനോ വേർപെടുത്താനോ സാധിക്കും.ഉപഭോക്താക്കൾക്ക് തങ്ങളുടെ ജല, വൈദ്യുത ഉപഭോഗം സംബന്ധിച്ച് കൂടുതൽ അവബോധം നൽകാനും ഇത്തരം സ്മാർട്ട് മീറ്ററുകൾക്ക് സാധിക്കും. ഇത് ഈർജ ഉപഭോഗം കുറക്കാനും ഉപഭോക്താക്കളിൽ കൂടുതൽ ഉത്തരവാദിത്ത ബോധം സൃഷ്ടിക്കാനും ഇടയാക്കും.കഹ്റമയുടെ ദീർഘകാലമായുള്ള സ്ട്രാറ്റജിയുടെ കേന്ദ്രഭാഗമാണ് സംവിധാനങ്ങളുടെ ഡിജിറ്റൽ പരിണാമമെന്നും കഹ്റമയുടെ ഇ-സേവനങ്ങൾ മേഖലയിൽ തന്നെ മികച്ച് നിൽക്കുന്നുവെന്ന അംഗീകാരം അഭിമാനകരമാണെന്നും ഇസ്സ ഹിലാൽ അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.