വിമാനത്താവളത്തിൽ വഴിയെല്ലാം ഇനി വിരൽത്തുമ്പിൽ
text_fieldsദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ വഴിയറിയാതെ ഇനി പ്രയാസപ്പെടേണ്ടി വരില്ല. യാത്രക്കാരുടെ വിമാനത്താവള അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒടുവിൽ അവതരിപ്പിക്കുന്ന ‘ഡിജിറ്റൽ വേ ഫൈൻഡിംഗ് സൊലൂഷ്യനിൽ’ എല്ലാത്തിനും ഉത്തരമുണ്ട്.
വിമാനത്താവളത്തിന്റെ വിശാലമായ ടെർമിനലിലുടനീളം വ്യത്യസ്ത ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ടച്ച് പോയിന്റുകളിലൂടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ക്യു ആർ കോഡുകളാണ് യാത്രക്കാരന് ഇനി വഴി പറഞ്ഞു കൊടുക്കുക. ഓർച്ചാർഡിൽ നിന്ന് ലാമ്പ് ബിയറിനടുത്തേക്ക് നീങ്ങാനാണെങ്കിലും, വിമാനത്താവളത്തിലെ നിരവധി ഡൈനിംഗ് അല്ലെങ്കിൽ റീട്ടെയിൽ അനുഭവം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും, യാത്രക്കാരന് പുറപ്പെടാനുള്ള ഗേറ്റ് കണ്ടെത്താനും തടസ്സമില്ലാതെ വഴി പറഞ്ഞ് കൊടുക്കാൻ പുതിയ സംവിധാനത്തിന സാധിക്കും.
ഫ്‌ളൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്‌ക്രീനുകൾ, പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌കുകൾ, മറ്റു പ്രധാന ടച്ച് പോയിന്റുകൾ എന്നിവിടങ്ങളിലെല്ലാം ക്യു.ആർ കോഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ മൊബൈൽ ഉപകരണങ്ങളുമായും പൊരുത്തപ്പെടുന്ന ക്യു.ആർ കോഡുകൾ ഉപയോഗിക്കാൻ ആവശ്യമായ സൗജന്യ ഇന്റർനെറ്റ് കണക്ഷനും വിമാനത്താവളം യാത്രക്കാർക്ക് നൽകുന്നുണ്ട്. ഹമദ് വിമാനത്താവളത്തിലെ പുതിയ തലമുറ വൈഫൈ പരിധിയില്ലാതെ ഉപയോഗിക്കാൻ യാത്രക്കാരനെ അനുവദിക്കുന്നു.
യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ച് കൊടുക്കുന്നത് ഉറപ്പുവരുത്താനായി ഡിജിറ്റൽ ടച്ച് പോയിന്റുകളെല്ലാം നിരന്തരം അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യാറുണ്ടെന്ന് വിമാനത്താവളത്തിലെ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കദ്രി പറഞ്ഞു.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെയും അത് നടപ്പിലാക്കുന്നതിലൂടെയും, വിമാനത്താവളത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ കേൾക്കുന്നതിലൂടെയും ഇൻഡസ്ട്രി സ്റ്റാൻഡേർഡ് സ്ഥാപിക്കുന്നതും അത് മറികടക്കുന്നതും തുടരുമെന്നും സുഹൈൽ കദ്രി കൂട്ടിച്ചേർത്തു. ഓർച്ചാർഡിലുള്ള ഡിജിറ്റൽ കൺസേർജുകളിൽ റീട്ടെയിൽ, ഫുഡ് ആൻഡ് ബീവറേജ് ഓഫറുകൾ, വിമാന വിവരങ്ങൾ, വിശ്രമ ഓപ്ഷനുകൾ, വിമാനത്താവളത്തിനുള്ളിലെ പ്രധാന ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് പൂർണ വിവരങ്ങൾ ലഭ്യമാണ്.
യാത്രക്കാർക്ക് അവർക്ക് താൽപര്യമുള്ള ഇടങ്ങളിലേക്ക് ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് നീങ്ങാവുന്നതാണ്. യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിമാനത്താവളത്തിന്റെ നോർത്ത് പ്ലാസയിലും ഐക്കണിക് ലാമ്പ് ബിയറിന് ചുറ്റുമായും പാസഞ്ചർ അസിസ്റ്റൻസ് കിയോസ്‌കുകൾ നേരത്തെ അവതരിപ്പിച്ചിരുന്നു.
വിമാനത്താവളത്തിന്റെ ഡിജിറ്റൽ മാറ്റത്തിലേക്കുള്ള തന്ത്രങ്ങളുടെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അത്യാധുനിക സാങ്കേതികവിദ്യയിലും നൂതനമായ ഡിജിറ്റൽ പരിഹാരമാർഗങ്ങളിലും വൻ നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ യാത്രക്കാർക്കും വാണിജ്യ പങ്കാളികൾക്കും സമാനതകളില്ലാത്ത വിമാനത്താവള അനുഭവം അവതരിപ്പിക്കുന്നതിലും സൃഷ്ടിക്കുന്നതിലും നിരന്തരം ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.