വയനാട് ദുരന്തം: കൈത്താങ്ങുമായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ
text_fieldsദോഹ: വയനാട് ദുരന്തത്തിനിരയായവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഒ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും പദ്ധതികൾക്ക് പിന്തുണയുമായി ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ രംഗത്ത്. വീടുകളുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും തൊഴിലെടുക്കാൻ കഴിയാത്തവരെയും വിദ്യാർഥികളെയും സഹായിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഒ.ഐ.സി.സി, കെ.പി.സി.സി പ്രവർത്തനങ്ങളുടെ ഖത്തറിലെ ഏകീകരണത്തിന് റീലീഫ് കമ്മിറ്റി രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതിയംഗം ജൂട്ടസ്സ് പോൾ ചെയർമാനും യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നദീം മാനർ കൺവീനറുമായി രൂപവത്കരിച്ച കമ്മിറ്റി കേന്ദ്ര നേതൃത്വവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. വയനാട് ദുരന്തത്തിന്റെ കെടുതികൾ വ്യത്യസ്ത രീതിയിൽ അനുഭവിക്കുന്നവരുടെ തുടർജീവിതത്തിന് വേണ്ട ആവശ്യങ്ങളറിഞ്ഞുള്ള പദ്ധതികൾക്കാണ് ഒ.ഐ.സി.സിയും കെ.പി.സി.സിയും സംയുക്തമായി രൂപം കൊടുക്കുന്നത്.
2018ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ 12 വീടുകൾ നിർമിച്ച് കൊടുത്തിരുന്നു. രാഹുൽ ഗാന്ധി വയനാടിനായി പ്രഖ്യാപിച്ച 100 വീടുകളുടേതുൾപ്പെടെയുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്കും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും ഒ.ഐ.സി.സി ചുമതല വഹിക്കുന്ന ജയിംസ് കൂടലിനും എല്ലാ പിന്തുണയും സഹകരണവും സെൻട്രൽ കമ്മിറ്റിയും ജില്ല കമ്മിറ്റികളും നൽകുമെന്ന് സമീർ പറഞ്ഞു. സംഘടനാകാര്യ ജനറൽ സെക്രട്ടറി ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും ജോയന്റ് ട്രഷറർ ടി.കെ. നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.