വയനാട് ദുരന്തം; ഒരു കോടി രൂപ സഹായവുമായി ജെ.കെ.മേനോന്
text_fieldsദോഹ: വയനാട് ചൂരൽമല, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ ചേർത്തുപിടിച്ച് നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ് ചെയര്‍മാനുമായ ജെ.കെ. മേനോൻ. വയനാടിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ അദ്ദേഹം പ്രഖ്യാപിച്ചു.
വയനാട്ടിലെ തീരാനോവുകളില് കാരുണ്യത്തിന്റെ കരുതല്‍ നല്‍കേണ്ടത് കടമയാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേരുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തുകനീക്കിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരധിവാസ നടപടികള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്. നിരാലംബരും, നിരാശ്രയരുമായ മനുഷ്യര്‍ക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്യേണ്ടത് ഉത്തരവാദിത്തമായി കരുതുകയാണെന്ന് ജെ.കെ. മേനോന് പറഞ്ഞു.
ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്നുവെന്നും, വിവിധ ആശുപത്രികളിലും, ദുരിതാശ്വാസ കേന്ദ്രങ്ങളിലും കഴിയുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ജെ.കെ. മേനോന് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.