പെയ്തൊഴിഞ്ഞ് മാനം
text_fieldsദോഹ: സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ച പേടിപ്പെടുത്തുന്ന മുന്നറിയിപ്പിന്റെ ആശങ്കകളൊന്നുമില്ലാതെ ഖത്തറിന്റെ ആകാശത്തുനിന്ന് മഴ പെയ്തൊഴിഞ്ഞു. ബുധനാഴ്ച പകലും രാത്രിയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാറ്റലായും ചിലയിടങ്ങളിൽ കനത്തിലും മഴ പെയ്തു. കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പുകളും ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, അഷ്ഗാൽ തുടങ്ങി വിവിധ വിഭാഗങ്ങളുടെ തയാറെടുപ്പുകളും നിർദേശങ്ങളുമായതോടെ അനിഷ്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. അൽ റുവൈസിലായിരുന്നു ബുധനാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 29.9 മില്ലീ മീറ്റർ മഴ ഇവിടെ ലഭിച്ചു. ഏറ്റവും കുറവ് മഴ ദോഹയിൽ (2.8 എം.എം) രേഖപ്പെടുത്തി. സീലൈൻ (22.8 എം.എം), അൽ ഗുവൈരിയ (18.2 എം.എം), അൽ ഖോർ (14.4 എം.എം), അൽ ദാഖിറ (13.7എം.എം), അൽ ജുമൈലിയ (13.6 എം.എം), ഉം സലാൽ (13.3 എം.എം), അൽ കറാന (12 എം.എം), സക്രീത് (11.6 എം.എം), ദുഖാൻ (11 എം.എം), ഖത്തർ യൂനിവേഴ്സിറ്റി (ഒമ്പത് എം.എം) എന്നിങ്ങനെയായിരുന്നു രേഖപ്പെടുത്തിയ മഴ.
ദോഹയിൽ ബുധനാഴ്ച വൈകുന്നേരം പെയ്ത നേരിയ മഴ മാത്രമേ ലഭിച്ചുള്ളൂ. കഴിഞ്ഞയാഴ്ച ദുബൈയിലും ഒമാനിലുമെല്ലാം പെയ്ത കനത്ത മഴ വെള്ളപ്പൊക്കമായ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ ഭീതിയിലായിരുന്നു പ്രവാസികൾ ഉൾപ്പെടെ ഖത്തറിലുള്ളവരും. എന്നാൽ, കൃത്യമായ അറിയിപ്പുകൾ നൽകിയ കാലാവസ്ഥ വിഭാഗം മഴയുടെ ഗതി നേരത്തെ അറിയിച്ചു. ദുരിതം വിതക്കാതെ മഴ പെയ്തൊഴിഞ്ഞത് പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസവുമായി.അതേസമയം വെള്ളി, ശനി ദിവസങ്ങളിലും ഖത്തറിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. കടല് പ്രക്ഷുബ്ധമാകും. ഒമ്പത് അടി വരെ ഉയരത്തില് തിരമാലകളുണ്ടാകാമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. മഴപെയ്യുമ്പോൾ റോഡുകളിലും മറ്റും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വേഗത കുറക്കുക, വാഹനങ്ങൾക്കിടയിൽ അകലം പാലിച്ച് ഓടിക്കുക, ഹെഡ്ലൈറ്റുകൾ ഉറപ്പാക്കുക, വെള്ളം കയറാൻ സാധ്യതയുള്ള റോഡുകൾ ഒഴിവാക്കി സഞ്ചരിക്കുക, റോഡുകളിലെ മുന്നറിയിപ്പ് നിർദേശങ്ങൾ പാലിക്കുക എന്നിവ നൽകി. മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ വാഹനങ്ങൾ കെട്ടിടങ്ങൾക്കടിയിലെ അണ്ടർഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത് പോകരുതെന്നും നിർദേശിച്ചു. കാറ്റ്, മഴ തുടങ്ങിയ അടിയന്തിര സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ‘999’ എന്ന നമ്പറിൽ പൊലീസ് സേവനം ആവശ്യപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.