വെബ് സമ്മിറ്റിന് തുടക്കം
text_fieldsദോഹ: ലോകത്തിലെ വമ്പൻ സ്റ്റാർട്ടപ്പുകൾ മുതൽ ടെക് ഭീമന്മാർ വരെ ഒത്തുചേരുന്ന വെബ് സമ്മിറ്റിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തിങ്കളാഴ്ച തുടക്കമായി.
80 രാജ്യങ്ങളിൽനിന്നായി 500ഓളം നിക്ഷേപകർ, 200 പ്രഭാഷകർ, 1000 സ്റ്റാർട്ടപ്പുകൾ എന്നിവർ ഉൾപ്പെടെ 12,000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മിറ്റിനാണ് ദോഹ ഡി.ഇ.സി.സി വേദിയാകുന്നത്. തിങ്കളാഴ്ച രാത്രിയിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു.
ആദ്യദിനത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വെബ് സമ്മിറ്റ് വേദി സന്ദർശിച്ചു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, കൊസോവോ പ്രസിഡന്റ് വോസോ ഉസ്മാനി ഉൾപ്പെടെയുള്ളവർ അമീറിനൊപ്പം വേദിയിലെത്തി. വിവിധ പവിലിയനുകൾ സന്ദർശിച്ച അമീർ, കമ്പനി പ്രതിനിധികളുമായും ആശയവിനിമയം നടത്തി.
വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന സമ്മിറ്റിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ, സർക്കാർ പ്രതിനിധികൾ എന്നിവർക്കൊപ്പം വിവിധ വിഷയങ്ങളിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. എ.ഐ ആൻഡ് മെഷീൻ ലേണിങ്, പരസ്യം-കണ്ടന്റ്-മാർക്കറ്റിങ്, ഇ-കോമേഴ്സ്-റീട്ടെയിൽ, ഹെൽത്ത് ആൻഡ് വെൽനെസ്, സ്പോർട്സ് ആൻഡ് ഫിറ്റ്നസ് തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും അരങ്ങേറും.
80 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് സമ്മിറ്റിനെ ശ്രദ്ധേയമാക്കുന്നത്. വെബ് സമ്മിറ്റിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ ഏകദേശം മൂന്നിലൊന്നും സ്ത്രീകൾ സ്ഥാപിച്ചവയാണ്. ആഫ്രിക്കയിൽനിന്നും 200 പേർ വെബ് സമ്മിറ്റിനായി ഖത്തറിലെത്തും. വിവിധ രാജ്യങ്ങളിലെ നിക്ഷേപകർക്ക് സ്റ്റാർട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്താനും അവസരമുണ്ട്. മൈക്രോസോഫ്റ്റ്, സ്നാപ്പ്, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഡെലോയിറ്റ് തുടങ്ങിയ ഭീമൻമാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.