പഠനത്തിലേക്ക് സ്വാഗതംചെയ്ത് ‘ബാക് ടു സ്കൂൾ’ കാമ്പയിൻ
text_fieldsദോഹ: വേനലവധിക്കാലം കഴിഞ്ഞ് സ്കൂളുകളിലേക്ക് തിരികെയെത്താൻ ഒരുങ്ങുന്ന വിദ്യാർഥികളെ വരവേറ്റുകൊണ്ട് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ‘എന്റെ വിദ്യാലയം, എന്റെ രണ്ടാംവീട്’ എന്ന പ്രമേയവുമായാണ് പൊതുഗതാഗത വിഭാഗം (മുവാസലാത്), മുശൈരിബ് പ്രോപ്പർട്ടീസ് എന്നിവരുമായി ചേർന്ന് കാമ്പയിൻ ആരംഭിക്കുന്നത്.
സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ആഗസ്റ്റ് 31 വരെ കാമ്പയിൻ തുടരും. വിദ്യാർഥികൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ-വിജ്ഞാന പരിപാടികളും പരിശീലനങ്ങളും ഒരുക്കി. മുശൈരിബ് ഗലേറിയ മാളിൽ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെ പഴയ സ്കൂൾ ഓർമകളുമായാണ് ബാക് ടു സ്കൂൾ തുറന്നു നൽകുന്നത്.
സ്കൂൾ പുസ്തകങ്ങളുടെ പ്രദർശനം, പഴയ ഉപകരണങ്ങൾ, ചിത്രങ്ങൾ, സ്കൂൾ ഫിലിം, വിവിധ പഠനോപകരണങ്ങൾ, കാമ്പയിൻ ആസ്ഥാനത്തിനു മുന്നിൽ മൊബൈൽ സ്കൂൾ ലൈബ്രറി എന്നിവയും സജ്ജീകരിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്കൂൾ അനുഭവങ്ങൾ പകരുന്നതാണ് പരിപാടി.
ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ആഗസ്റ്റ് 25 മുതൽ 31 വരെ വൈവിധ്യമാർന്ന ‘ബാക് ടു സ്കൂൾ’ പരിപാടി അരങ്ങേറും. ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെ കുട്ടികൾക്ക് കളികളും പഠന പ്രവർത്തനങ്ങളും ഒരുക്കും. ബോധവത്കരണ പരിപാടികളും വിവിധ ഏജൻസികൾ സംഘടിപ്പിക്കും.
നീണ്ട വേനൽ കാലവും കഴിഞ്ഞ് കുട്ടികളെ സ്കൂളുകളിലേക്ക് തിരികെയെത്തിക്കാൻ മാനസികമായി ഒരുക്കുകയാണ് ബാക് ടു സ്കൂൾ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ മർയം അബ്ദുല്ല അൽ മുഹന്നദി പറഞ്ഞു.
സെപ്റ്റംബർ ഒന്നിനാണ് ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ അധ്യയന വർഷം ആരംഭിക്കുന്നത്. ഇന്ത്യൻ സ്കൂളുകൾ കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ അധ്യയന വർഷത്തിൽ മൂന്നുമാസം പിന്നിട്ടാണ് വേനലവധിയിലേക്ക് പോയതെങ്കിൽ, സർക്കാർ സ്കൂളുകൾക്ക് ഇത് പുതിയ അധ്യയന വർഷത്തിന്റെ ആരംഭമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.