വെൽഫെയർ ഫണ്ട് പ്രവാസിക്ഷേമത്തിന് ഉപയോഗപ്പെടുത്തണം -കൾചറൽ ഫോറം
text_fieldsദോഹ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ 500ലധികം കോടി രൂപ ഉപയോഗപ്പെടുത്താതെ കെട്ടിക്കിടക്കുന്നു എന്ന വാർത്ത അത്ഭുതപ്പെടുത്തുന്നതാണെന്ന് കൾചറൽ ഫോറം അഭിപ്രായപ്പെട്ടു.
പ്രവാസികൾ ഏറ്റവും പ്രതിസന്ധി നേരിട്ട കൊറോണക്കാലത്തുപോലും ഇത്തരം ഫണ്ടുകൾ കാര്യക്ഷമമായ ഉപയോഗപ്പെടുത്തുന്നതിൽ ഭരണകൂടം വേണ്ടത്ര ജാഗ്രതപുലർത്തിയില്ല എന്നതാണ് കഴിഞ്ഞദിവസം പാർലമെന്റിൽ വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നത്.
കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികൾ ജീവകാരുണ്യ പ്രസ്ഥാനങ്ങളും പ്രവാസി സംഘടനകളും ഏർപ്പെടുത്തിയ സൗജന്യ വിമാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് നാട്ടിൽ പോയത്.
ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ പോലും പ്രവാസികളിൽനിന്നു തന്നെ പിരിച്ചെടുക്കുന്ന ഈ ഫണ്ട് ഉപയോഗപ്പെടുത്തിയില്ല എന്നത് ഏറെ നിരാശയുണ്ടാക്കുന്നതാണ്. ഖത്തർ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളാണ് ജയിലുകളിൽ കഴിയുന്നത്.
പലർക്കും കൃത്യമായ നിയമസഹായം ലഭിക്കാത്തതാണ് ജയിൽമോചനത്തിന് തടസ്സമായി നിൽക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇവർക്ക് നിയമസഹായം നൽകാൻ ഇത്തരം ഫണ്ടുകൾ ഉപയോഗപ്പെടുത്തണം. വിവിധ എംബസികളിൽനിന്ന് പ്രവാസികൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഭാഗമായി പിരിച്ചെടുക്കുന്ന ഈ ഫണ്ട് പൂർണമായും പ്രവാസി ക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തണം. വെൽഫെയർ ഫണ്ടിലേക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുവദിച്ചു വരാറുണ്ടായിരുന്നു തുക അനുവദിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന പ്രവാസ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഫണ്ട് ഉപയോഗപ്പെടുത്താവുന്ന മേഖല വിപുലീകരിക്കണമെന്നും കൾചറൽ ഫോറം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.