ആഘോഷപൂർവം വെൽകെയർ ഗ്രൂപ് ‘വൈബതോൺ’
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഗ്രൂപ്പിന്റെ 24ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘വൈബത്തോൺ’ പരിപാടികൾക്ക് പ്രൗഢഗംഭീരമായ കൊടിയിറക്കം. ഹോളിഡേ ഇൻ ഹോട്ടലിലെ അൽ മാസ ബാൾ റൂമിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാ-നൃത്തപരിപാടികളാൽ സമ്പന്നമായ ആഘോഷങ്ങളോടെയാണ് ഫെബ്രുവരി 13ന് ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച വൈബത്തോൺ സമാപിച്ചത്. മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും പങ്കെടുത്ത പരിപാടി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ മുൻനിര ഫാർമസി ശൃംഖലയായി വെൽകെയർ ഗ്രൂപ്പിനെ വളർത്തിയെടുത്ത ജീവനക്കാരുടെ സേവന മികവിനെ അഭിനന്ദിച്ച അംബാസഡർ, ജീവനക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കുള്ള പദ്ധതികളെയും പ്രശംസിച്ചു. സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും വളർച്ചയിൽ പോസിറ്റീവായ തൊഴിൽ അന്തരീക്ഷം പ്രധാന ഘടകമാണെന്നും, വൈബത്തോൺ ഉൾപ്പെടെയുള്ള പരിപാടികൾ അതിന്റെ ഭാഗമാണെന്നും വെൽകെയർ ഗ്രൂപ് ചെയർമാൻ മുക്താർ പറഞ്ഞു. ജീവനക്കാരാണ് സ്ഥാപനത്തിന്റെ വിജയങ്ങളിലെ പ്രധാന ഘടകമെന്നും നമ്മുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ആഘോഷമാണ് വൈബതോൺ എന്നും മാനേജിങ് ഡയറക്ടർ കെ.പി അഷ്റഫ് പറഞ്ഞു. കായിക മത്സരങ്ങൾ, സംഗീത, നൃത്ത, കലാപരിപാടികൾ എന്നിവക്കു പുറമെ, 20 വർഷത്തോളം സേവനം ചെയ്ത ജീവനക്കാർക്കുള്ള ആദരവും ‘വൈബതോണിന്റെ’ ഭാഗമായി സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജൻ എന്നിവർ സംസാരിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 90 ബ്രാഞ്ചുകളും 100ലേറെ ബ്രാൻഡുകളുടെ വിതരണാവകാശവുമുള്ള മുൻനിര ഫാർമസി ശൃംഖലയാണ് വെൽകെയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.